ഭാരത് ജോഡോ യാത്രകളിൽ കണ്ടറിഞ്ഞ കാര്യങ്ങൾ വിവരണാതീതം -രാഹുൽ
text_fieldsമുംബൈ: ഭാരത് ജോഡോ യാത്രകളിൽ കണ്ടറിഞ്ഞ കാര്യങ്ങൾ വിവരിക്കാൻ വാക്കുകൾ പര്യാപ്തമല്ലെന്ന് രാഹുൽ ഗാന്ധി. ഇന്നലെ മുംബൈ ശിവജി പാര്‍ക്കിൽ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയരുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം, വിദ്വേഷം തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടുന്നതിനാണ് യാത്രകൾ നടത്തിയത്. രാജ്യത്തെ ആശയവിനിമയ സംവിധാനം പാടെ സർക്കാർ നിയന്ത്രണത്തിലാണ്. തൊഴിലില്ലായ്മ, വിദ്വേഷം, കാർഷിക പ്രശ്നങ്ങൾ എന്നിവയൊന്നും ജനങ്ങളിലെത്തുന്നില്ല. അതിനാലാണ് ആദ്യം കന്യാകുമാരിമുതൽ 4000 കിലോമീറ്ററും പിന്നീട് മണിപ്പൂർമുതൽ ധാരാവിവരെ 6000 കിലോമീറ്ററും യാത്ര ചെയ്യാൻ നിർബന്ധിതനായത്. മണിപ്പൂരിൽ ആഭ്യന്തര യുദ്ധത്തിന്റെ സ്ഥിതിയാണ് ഉണ്ടാക്കിവെച്ചത്. ശിവസേനയെയും എൻ.സി.പിയെയും പിളർത്തി പോയവർ ഭയംകൊണ്ടാണ് അത് ചെയ്തത്. ഈയിടെ കോൺഗ്രസ് വിട്ട മഹാരാഷ്ട്രയിലെ നേതാവ് ജയിലിൽ കിടക്കാനാകില്ലെന്ന് അമ്മയോട് കരഞ്ഞു പറഞ്ഞു. തെരഞ്ഞെടുപ്പ് ബോണ്ട് അധോലോകക്കാർക്കിടയിലെ ഹഫ്ത പിരിവിന്റെ ദേശീയമുഖമാണ്. ഒരു വ്യക്തിക്കോ പാർട്ടിക്കോ എതിരല്ല ഇൻഡ്യ കൂട്ടായ്മ. ഈ രാജ്യത്തിന്റെ ശബ്ദമാണ് സഖ്യനേതാക്കളിലൂടെ കേൾക്കുന്നത് -രാഹുൽ പറഞ്ഞു.
മോദിയുടെ ഗാരന്റി സമ്പന്നർക്കുവേണ്ടിയാണെന്നും തങ്ങളുടെ ഗാരന്റി സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയും വ്യക്തിപരമായ ആക്രമണമല്ല ഇൻഡ്യ സഖ്യം നടത്തുന്നതെന്നും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തോടാണ് പോരാടുന്നതെന്നും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. രാജ്യത്തിന്റെ വൈവിധ്യവും സാഹോദര്യവും സംരക്ഷിക്കുകയെന്നതാണ് ഇന്നത്തെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുണകളുടെ ഉൽപാദകനും മൊത്ത വ്യാപാരിയും വിതരണക്കാരനുമാണ് മോദി. എന്നാൽ, തങ്ങളെപ്പോലുള്ള സത്യസന്ധരായ ആളുകൾ ഇതിനെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
400 സീറ്റുകൾ നേടുമെന്നാണ് ബി.ജെ.പി പറയുന്നതെന്നും ഭരണഘടന തിരുത്തുകയാണ് അവർ അതിലൂടെ ലക്ഷ്യമിടുന്നതെന്നും പി.ഡി.പി അധ്യക്ഷ മെഹ്ബൂബ മുഫ്തി പറഞ്ഞു. രാഹുൽ ഗാന്ധി എന്ന പേരിലെ ഗാന്ധിയെ ബി.ജെ.പി നേതാക്കൾക്ക് ഭയമാണെന്നും അവർ പറഞ്ഞു. മതഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിത രാജ്യമായി ഇന്ത്യയെ നിലർനിർത്തണമെന്ന് ജമ്മു- കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ജനങ്ങൾ ഐക്യപ്പെടുമ്പോൾ ഏകാധിപത്യം തകരുമെന്ന് ശിവസേനാ (യു.ബി.ടി) നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.