പ്രജ്വൽ രേവണ്ണക്കെതിരെ മൂന്നാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
text_fieldsബംഗളൂരു: ജെ.ഡി.എസ് എം.പിയും ഹാസനിലെ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്കെതിരെ ഒരു ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്തു.
ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. അന്വേഷണത്തിനായി രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരുവിൽ പ്രജ്വലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഐ.പി.സി 376(2), 376(2) (കെ), 354 (എ), 354 (ബി), 354 (സി), 506 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആവർത്തിച്ചുള്ള ബലാത്സംഗം, വോയറിസം, ലൈംഗിക ചിത്രീകരണം, വസ്ത്രംകൊണ്ട് വലിച്ചിഴക്കൽ, പീഡിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ പൗത്രനായ പ്രജ്വൽ, ഹാസൻ മണ്ഡലത്തിലെ സിറ്റിങ് എം.പിയും ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയുമായിരുന്നു. ലൈംഗികാതിക്രമക്കേസ് വിവാദമായതോടെ തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് പ്രജ്വൽ രാജ്യം വിട്ടിരുന്നു.
ഹാസനിലെ ഹൊളനരസിപുരയിൽ പാചകക്കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ആദ്യ എഫ്.ഐ.ആർ. പ്രജ്വലിന്റെ പിതാവും ഹൊളനരസിപുര എം.എൽ.എയുമായ എച്ച്.ഡി. രേവണ്ണയും കേസിൽ പ്രതിയാണ്. രണ്ടാമത്തെ കേസ് ജെ.ഡി.എസ് പ്രവർത്തകയെ തോക്കിൻമുനയിൽ നിർത്തി ബലാത്സംഗം ചെയ്തതാണ്.
രേവണ്ണയും സഹായിയും ചേർന്ന് അമ്മയെ തട്ടിക്കൊണ്ടുപോയെന്ന് 20 വയസ്സുള്ള യുവാവ് കേസ് നൽകിയതിനെത്തുടർന്ന് എച്ച്.ഡി. രേവണ്ണ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. പ്രജ്വൽ രേവണ്ണക്കെതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതിനിടെ നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാരോപിച്ച് ജെ.ഡി.എസുമായി സഖ്യമുണ്ടാക്കുന്നതിനു മുമ്പ് ബി.ജെ.പി നേതൃത്വത്തിന് കത്തെഴുതിയ ഹാസനിൽ നിന്നുള്ള ബി.ജെ.പി നേതാവ് ജി. ദേവരാജെ ഗൗഡക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.
സ്വത്ത് വിൽക്കാൻ സഹായിക്കാമെന്ന വ്യാജേന തന്നെ പീഡിപ്പിച്ചെന്ന ഹാസനിൽ നിന്നുള്ള 36കാരിയുടെ പരാതിയിലാണ് ദേവരാജെ ഗൗഡക്കെതിരെ കേസെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.