എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ആയിഷ സുൽത്താനക്ക് മൂന്നാമതും നോട്ടീസ്
text_fieldsകൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമപ്രവർത്തക ആയിഷ സുൽത്താനക്ക് എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ്ടും നോട്ടീസ്. വെള്ളിയാഴ്ച രാവിലെ 9.45ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കവരത്തി പൊലീസ് മൂന്നാമതും നോട്ടീസ് നൽകിയത്. അതേസമയം, ബന്ധുക്കൾ ആശുപത്രിയിലായതിനാൽ കൊച്ചിയിലേക്ക് മടങ്ങേണ്ടതുണ്ടെന്ന് ആയിഷ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ദ്വീപിൽ തുടരണമോ എന്ന കാര്യത്തിൽ നാളെ തീരുമാനിക്കുമെന്ന് കവരത്തി പൊലീസ് വ്യക്തമാക്കിയത്.
ചൊവ്വാഴ്ച ആയിഷയെ മൂന്ന് മണിക്കൂർ ചോദ്യം ചെയ്ത ശേഷം ലക്ഷദ്വീപ് പൊലീസ് വിട്ടയിച്ചിരുന്നു. തുടർന്ന് ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി രണ്ടാമത് നോട്ടീസ് നൽകി. ഇതുപ്രകാരം ബുധനാഴ്ച രാവിലെ 10.30ന് ഒറ്റക്ക് ഹാജരായ ആയിഷയെ ചോദ്യം ചെയ്യലിന് ശേഷം വൈകീട്ട് 6.30നാണ് വിട്ടയച്ചത്. ബാങ്ക് ഇടപാടുകൾ, നികുതി സംബന്ധമായ രേഖകൾ എന്നിവയാണ് ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചത്.
ബയോവെപൺ പരാമർശം നടത്താനുണ്ടായ കാരണത്തെക്കുറിച്ചാണ് അന്വേഷണസംഘം ചോദിച്ചതെന്ന് ആയിഷ സുൽത്താന 'മാധ്യമ'ത്തോട് പറഞ്ഞു. പുറംരാജ്യങ്ങളിലെ ആരെങ്കിലുമായി ബന്ധങ്ങളുണ്ടോ, അവരുമായി സാമ്പത്തിക ഇടപാടുകളുണ്ടോ, ആരെയൊക്കെ നിരന്തരം ബന്ധപ്പെടാറുണ്ട് തുടങ്ങിയ കാര്യങ്ങൾ ചോദിച്ചു.
ഏതെങ്കിലും പ്രത്യേക സംഘടനകളുമായി ബന്ധമുണ്ടോയെന്നും വ്യവസായങ്ങളിൽ പങ്കാളിത്തമുണ്ടോയെന്നും വിശദീകരിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, രാജ്യത്തെയല്ല, അഡ്മിനിസ്ട്രേറ്ററെ ഉദ്ദേശിച്ചാണ് പരാമർശം നടത്തിയതെന്ന് ആയിഷ വിശദീകരിച്ചു. വാചകത്തിെൻറ ഘടന മാറിപ്പോയപ്പോൾ തെറ്റിദ്ധരിക്കപ്പെടുകയായിരുെന്നന്നും ആയിഷ പറഞ്ഞു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ വിവാദ നയങ്ങളുമായി ബന്ധപ്പെട്ട ഈ മാസം ഏഴിന് മീഡിയവൺ ചാനൽ ചർച്ചയിൽ 'ബയോവെപൺ' എന്ന പരാമർശം നടത്തിയെന്നതിന്റെ പേരിലാണ് ആയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് സി. അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയിലായിരുന്നു കവരത്തി പൊലീസിന്റെ നടപടി. അറസ്റ്റ് ചെയ്താൽ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ഹൈകോടതി നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.