കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ആപ്പ് മുൻ മന്ത്രിയുടെ ഹരജി
text_fieldsന്യൂഡൽഹി: റദ്ദാക്കിയ ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ ആരോപണത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈകോടതിയിൽ വീണ്ടും ഹരജി. ആം ആദ്മി പാർട്ടി മുൻ നേതാവും ഡൽഹി മന്ത്രിയുമായിരുന്ന സന്ദീപ് കുമാറാണ് ഹരജിക്കാരൻ. നേരത്തെ, സമാനമായ രണ്ട് ഹരജികൾ ഹൈകോടതി തള്ളിയിരുന്നു.
ഡൽഹിയിലെ ഒരു വോട്ടർ എന്ന നിലയിൽ, മുഖ്യമന്ത്രി ജയിലിൽ കഴിയുന്നു എന്ന കാര്യം തനിക്ക് വ്യക്തിപരമായി അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് സന്ദീപ് കുമാർ ഹരജിയിൽ പറയുന്നു. ജയിലിൽ കഴിഞ്ഞുകൊണ്ട് ഒരാൾക്ക് മുഖ്യമന്ത്രിയുടെ ചുമതലകൾ നിറവേറ്റാനാകില്ല. ഭരണഘടന പ്രകാരവും ഡൽഹി മുഖ്യമന്ത്രിയെന്ന നിലയിൽ തൻ്റെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ കെജ്‌രിവാളിന് കഴിയില്ല. അതിനാൽ അദ്ദേഹത്തിന് ആ പദവി വഹിക്കാനാകില്ലെന്നും ഹർജിയിൽ പറയുന്നു.
ഡൽഹി ആം ആദ്മി സർക്കാറിൽ ശിശുവികസന, വനിതാക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഹരജിക്കാരനായ സന്ദീപ് കുമാർ. 2016ൽ ഒരു സ്ത്രീയോടൊപ്പമുള്ള ഇദ്ദേഹത്തിന്‍റെ സ്വകാര്യ വിഡിയോ വൈറലായതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു.
നേരത്തെ, കെജ്രിവാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത ഹരജി നൽകിയിരുന്നു. 'ജനാധിപത്യം അതിന്‍റെ രീതിക്ക് തന്നെ നടക്കട്ടെ’ എന്ന് പരാമർശിച്ചുകൊണ്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളുകയാണുണ്ടായത്. കോടതി ഇടപെടേണ്ട വിഷയമല്ലെന്നും അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ഹരജി കൂടി പരിഗണിക്കാതെ തള്ളിയിരുന്നു.
മദ്യനയക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്ത അരവിന്ദ് കെജ്രിവാൾ നിലവിൽ ഏപ്രിൽ 15 വരെ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.