മൂന്നാം തരംഗം ഒക്ടോബറിൽ; കുട്ടികളിൽ രോഗവ്യാപനത്തിന് സാധ്യത
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ അവസാനത്തോടെ കോവിഡ് മൂന്നാം തരംഗം മൂർധന്യാവസ്ഥയിലെത്തിയേക്കുമെന്നും കുട്ടികളിൽ രോഗവ്യാപനം ഉണ്ടായേക്കാമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെൻറ് രൂപവത്കരിച്ച വിദഗ്ധ സമിതി പ്രധാനമന്ത്രിയുടെ ഓഫിസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
രണ്ടാം കോവിഡ് തരംഗത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രകടമായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നാം തരംഗം സംബന്ധിച്ച് നിതി ആയോഗും കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൂന്നാം തരംഗം കുട്ടികളെ അതിഗുരുതരമായി ബാധിക്കുമെന്നതിന് ജൈവശാസ്ത്രപരമായി തെളിവുകളില്ല. എന്നാൽ, മുതിർന്നവർക്ക് ഉണ്ടായ പ്രശ്നങ്ങൾ കുട്ടികൾക്കും ഉണ്ടാകാം.
കുട്ടികളില്‍ വ്യാപക രോഗബാധ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ശിശുരോഗ ചികിത്സാ സംവിധാനങ്ങളും ഡോക്ടര്‍മാര്‍ ഉൾപ്പെടെ ജീവനക്കാരെയും വെൻറിലേറ്ററുകളും പീഡിയാട്രിക് ഐ.സി.യുകളും ആംബുലന്‍സുകളും ഉൾപ്പെടെ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കണം. രോഗബാധിതരായ കുട്ടികളോടൊപ്പം രക്ഷാകര്‍ത്താക്കള്‍ക്ക് കഴിയാൻ സംവിധാനമുള്ള കോവിഡ് വാര്‍ഡുകള്‍ സജ്ജമാക്കണം. അനാരോഗ്യവും വൈകല്യങ്ങളുമുള്ള കുട്ടികള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വാക്സിന് നല്‍കണം.
കുട്ടികളിലെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ സൗകര്യമൊരുക്കണം. കോവിഡ് സംരക്ഷണ നടപടികളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിവേചനം ഉണ്ടാകരുതെന്നും സമിതി ആവശ്യപ്പെട്ടു. 2015 ലെ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റി കണ്ടെത്തൽ പ്രകാരം രാജ്യത്തെ 82 ശതമാനം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കുട്ടികൾക്കുള്ള ഡോക്ടർമാരുടെ കുറവുള്ളതും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
മൂന്നാം തരംഗത്തിൽ പ്രതിദിനം നാലു ലക്ഷം വരെ പേർക്ക് രോഗം ബാധിച്ചേക്കാമെന്നാണ് നിതി ആയോഗ് ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് രണ്ടു ലക്ഷം ഐ.സി.യു ബെഡുകൾ സജ്ജമാക്കണമെന്ന് നിതി ആയോഗ് അംഗം വി.കെ. പോൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.