ക്ഷേത്ര നഗരത്തിൽ തിരുമാവളവന് കുന്നോളം പ്രതീക്ഷ
text_fieldsചെന്നൈ: ദലിത് രാഷ്ട്രീയത്തിന്റെ തീപ്പൊരി നേതാവ് തൊൽ തിരുമാവളവൻ ലക്ഷ്യമിടുന്നത് പിന്നാക്കവോട്ടുകളുടെ സമാഹരണം. ദലിത് പാന്തേഴ്സ് പാർട്ടിയെന്ന് ഇംഗ്ലീഷിലും വിടുതലൈ ശിറുതൈകൾ കക്ഷിയെന്ന് തമിഴിലും അറിയപ്പെടുന്ന സംഘടനയുടെ സ്ഥാപക പ്രസിഡൻറാണ് തൊൽ തിരുമാവളവൻ. ചിദംബരത്ത് ഇൻഡ്യ മുന്നണിയുടെ സ്ഥാനാർഥിയാണ് ഇദ്ദേഹം.
അഭിഭാഷകനും സാമൂഹിക പ്രവർത്തകനും പ്രാസംഗികനുമായ തിരുമാവളവൻ സംസ്ഥാന രാഷ്ട്രീയത്തിൽ ആദരണീയനായ നേതാവാണ്. നിലവിൽ ഡി.എം.കെ മുന്നണിയിലെ മുഖ്യ ഘടകകക്ഷിയാണ് വിടുതലൈ ശിറുതൈകൾ. തമിഴകത്തിലെ സവർണ വിഭാഗമായ വണ്ണിയരും ദലിതുകളും പലമേഖലകളിലും ഏറ്റുമുട്ടുക പതിവാണ്. ഡോ. രാമദാസിന്റെ നേതൃത്വത്തിലുള്ള പാട്ടാളി മക്കൾ കക്ഷിക്കാണ് വണ്ണിയർ വിഭാഗത്തിൽ ഏറെ സ്വാധീനം. ദലിതുകൾക്കുനേരെ അതിക്രമങ്ങൾ വർധിച്ച സാഹചര്യത്തിലാണ് തിരുമാവളവന്റെ വിടുതലൈ ശിറുതൈകൾ രൂപംകൊണ്ടത്.
മോദിക്കും ബി.ജെ.പിക്കുമെതിരെ ശക്തമായ നിലപാടാണ് തിരുമാവളവൻ സ്വീകരിച്ചത്. സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിന്റെ വോട്ടുകൾ സ്വന്തം പെട്ടിയിൽ വീഴ്ത്താൻ ഡി.എം.കെ സഖ്യത്തിന് മുന്നിലുള്ള പ്രധാനമാർഗവും വിടുതലൈ ശിറുതൈകൾ കക്ഷിയാണ്. ഡി.എം.കെ മുന്നണിയിൽ ഇടതുപാർട്ടികൾക്ക് നൽകിയതുപോലെ വിടുതലൈ ശിറുതൈകൾ കക്ഷിക്ക് രണ്ട് സീറ്റ് നൽകിയതും ഈ സാഹചര്യത്തിലാണ്. ദലിത് വോട്ടുകൾ നിർണായകമായ ചിദംബരവും വിഴുപ്പുറവും. ഡി.എം.കെ മുന്നണി ബലത്തിന്റെ മികവിൽ ഇത്തവണയും രക്ഷപ്പെടുമെന്നാണ് തിരുമാവളവന്റെ പ്രതീക്ഷ.
2001-’04ൽ തമിഴ്നാട് നിയമസഭാംഗമായിരുന്നു. 2009ൽ ചിദംബരത്തുനിന്ന് വിജയിച്ച തിരുമാവളവൻ 2014ൽ പരാജയപ്പെട്ടു. 2019ൽ കഷ്ടിച്ച് രക്ഷപ്പെട്ടു. ഇത് നാലാം തവണയാണ് ക്ഷേത്ര നഗരമായ ചിദംബരത്ത് തിരുമാവളവൻ ജനവിധി തേടുന്നത്. ‘കല’മാണ് ചിഹ്നം. അണ്ണാ ഡി.എം.കെയിലെ എം. ചന്ദ്രഹാസൻ, ബി.ജെ.പിയുടെ പി. കാർത്ത്യായനി, നാം തമിഴർ കക്ഷിയിലെ ജാൻസി റാണി എന്നിവരാണ് എതിർ സ്ഥാനാർഥികൾ.കെമിസ്ട്രിയിൽ ബിരുദവും ക്രിമിനോളജിയിൽ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം മദ്രാസ് ലോ കോളജിൽനിന്ന് നിയമപഠനം നടത്തി. പിന്നീട് പിഎച്ച്.ഡി പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.