കമലയുടെ ചരിത്രനേട്ടം ഉത്സവമാക്കി തിരുവാരൂർ ഗ്രാമം
text_fieldsചെന്നൈ: യു.എസ് വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് സ്വന്തമാക്കിയത് ചരിത്ര വിജയമാണ്. ഇന്ത്യയുടെ കമല അമേരിക്കയിലെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റ് ആയപ്പോള്‍ ആഘോഷത്തില്‍ പങ്കാളികളാവുകയാണ് തമിഴ്നാട്ടിലെ തിരുവാരൂര്‍ ഗ്രാമത്തിലെ തുളസീന്ദ്രപുരത്തുകാർ.
കമല ഹാരിസിന്‍റെ അമ്മ ശ്യാമള ഗോപാലന്‍റെ ജന്മദേശമാണ് തിരുവാരൂര്‍. വീടുകളില്‍ കോലം വരച്ചും പോസ്റ്റര്‍ പതിച്ചുമൊക്കെയാണ് ഗ്രാമീണര്‍ കമലയുടെ വിജയം ആഘോഷിക്കുന്നത്. കമലക്ക് അഭിനന്ദനം, വണക്കം അമേരിക്ക, പ്രൗഡ് ഓഫ് ഔര്‍ വില്ലേജ് എന്നെല്ലാമാണ് കോലങ്ങളില്‍ എഴുതിയത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ഗ്രാമത്തില്‍ ആശംസാ പോസ്റ്ററുകള്‍ ഉയരുകയുണ്ടായി.
വിജയത്തിന് ശേഷമുള്ള പ്രസംഗത്തിലും കമല ഇന്ത്യയെ ഓര്‍ത്തു. പത്തൊമ്പതാം വയസ്സില്‍ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുമ്പോള്‍ അമ്മ ചിന്തിച്ചിട്ടേയുണ്ടാവില്ല ഇങ്ങനെയൊരു നിമിഷം ഉണ്ടാവുമെന്ന്. എന്നാല്‍ ഇത് സാധ്യമാവുന്ന ഒരു അമേരിക്ക ഉണ്ടാവുമെന്ന് അവര്‍ ഉറച്ച് വിശ്വസിച്ചിരുന്നുവെന്ന് അമ്മ ശ്യാമള ഗോപാലനെക്കുറിച്ച് കമല പറഞ്ഞു.
കമലയുടെ മാതാപിതാക്കളായ ശ്യാമള ഗോപാലനും ഡോണള്‍ഡ് ഹാരിസും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇന്ത്യക്കാരിയായ ശ്യാമളയും ജമൈക്കക്കാരനായ ഹാരിസും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് കണ്ടുമുട്ടി വിവാഹിതരായത്. 1964ല്‍ കമല ജനിച്ചു. വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ ശ്യാമള ഗോപാലന്‍ തനിച്ചാണ് കമലയെ വളര്‍ത്തിയത്.
കുട്ടിയായിരിക്കുമ്പോള്‍ ചെന്നൈയില്‍ വരാറുണ്ടായിരുന്നുവെന്നും മുത്തച്ഛന്‍റെ പുരോഗമന ചിന്തകള്‍ ഏറെ സ്വാധീനിച്ചിരുന്നുവെന്നും കമല പറയുകയുണ്ടായി. കമലയുടെ അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രനും ഏറെ സന്തോഷത്തിലാണ്. കമലയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി അമേരിക്കയിലേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജനുവരിയിലാവും സത്യപ്രതിജ്ഞാ ചടങ്ങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.