പക്ഷികൾ കോവിഡ് പരത്തുമെന്ന് നഗരസഭ; അസമിൽ മുളങ്കൂട്ടം മുറിച്ചു നീക്കി
text_fieldsഉദൽഗുരി: കോവിഡ് പരത്തുന്നുവെന്നാരോപിച്ച് മുളങ്കൂട്ടം മുറിച്ചുനീക്കി അസമിലെ ഒരു നഗരസഭ. ഉദൽഗുരി ജില്ലയിലെ തങ്‌ല നഗരസഭയാണ് കോവിഡ് വ്യാപിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി അഞ്ചുപേരുടെ ഉടമസ്ഥതയിലുള്ള മുളങ്കാടുകൾ വെട്ടിവീഴ്ത്തിയത്. ഇവയിൽ കൂടുകൂട്ടിയിരുന്ന നിരവധി കൊറ്റി പക്ഷികൾ നഗരസഭയുടെ മുളവെട്ടൽ 'ഓപറേഷനി'ടെ കൊല്ലപ്പെട്ടു.
കൊറ്റികളുടെ പ്രജനന കാലമായതിനാൽ ഏതാനും ദിവസം പ്രായമുള്ള നിരവധി കുഞ്ഞുങ്ങളും അടവെച്ച് വിരിയാറായ നിരവധി മുട്ടകളും കൂടുകളിലുണ്ടായിരുന്നു. ഇവയെല്ലാം നിർദയം നശിപ്പിക്കപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.
ജൂൺ 8 നാണ് തങ്‌ല മുനിസിപ്പൽ കമ്മിറ്റി 1, 2 വാർഡുകളിലെ അഞ്ച് ഭൂവുടമകൾക്ക് മുള മുറിക്കാൻ നിർദേശിച്ചുള്ള കത്ത് നൽകിയത്. "നിങ്ങളുടെ സ്ഥലത്ത് വളരുന്ന മുളകളിൽ കൂടുണ്ടാക്കിയ പക്ഷികൾ കാഷ്ടിച്ച് വൃത്തിഹീനമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത് കോവിഡ് കേസുകൾ വർധിക്കാൻ ഇടയാക്കും. അതിനാൽ, നിങ്ങളുടെ പരിസരത്തെ മുളച്ചെടികൾ മുറിച്ച് പ്രദേശത്ത് ശുചിത്വമുള്ള ജീവിതസാഹചര്യം സൃഷ്ടിക്കണമെന്ന് നിങ്ങളോട് ആവശ്യപ്പെടുന്നു" എന്നാണ് തങ്‌ല മുനിസിപ്പൽ കമ്മിറ്റി എക്സിക്യൂട്ടീവ് ഓഫിസർ ഒപ്പിട്ട കത്തിൽ ഉള്ളത്. അയൽവാസികൾ പരാതിപ്പെട്ടതായും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, മുള വെട്ടാൻ ഭൂവുടമകളായ മഹേന്ദ്ര ദേക, അമിയോ നർസാരി, രജത് ഭട്ടാചാർജി, ലോക്ജിത് സുതർ, ഗീതിക ദാസ് എന്നിവർ വിസമ്മതിച്ചതോടെ നഗരസഭ തൊഴിലാളികളെ ഏർപ്പാടാക്കി വെട്ടിനിരത്തുകയായിരുന്നു.
നൽകിയ സമയ പരിധിക്കുള്ളിൽ മുളമുറിക്കാൻ ഭൂവുടമകൾ തയാറാകാത്തതിനാലാണ് അധികൃതർ മുറിച്ചുനീക്കിയതെന്ന് തങ്‌ല പൊലീസ് സ്റ്റേഷൻ ഓഫിസർ സോമേശ്വർ കോൺവാർ പറഞ്ഞു. പക്ഷികൾ കൊല്ലപ്പെട്ടതിനെ കുറിച്ച് തങ്ങൾക്ക് കൃത്യമായ വിവരം ലഭ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വനംവകുപ്പ് അധികൃതരും ഇക്കാര്യത്തിൽ കൈമലർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.