മാരകം ഈ വർഗീയ വൈറസ്; കോവിഡ് കലത്ത് മുസ്ലിങ്ങൾ അനുഭവിച്ചത് അതിഭയാനകമായ അന്യവത്കരണമെന്ന് റിപ്പോർട്ട്
text_fieldsഅഹ്മദാബാദ്: കോവിഡ് പകർച്ചവ്യാധിക്കാലത്ത് രാജ്യത്തെ മുസ്ലിം സമൂഹം അനുഭവിച്ചത് അതിഭയാനകമായ അന്യവത്കരണമെന്ന് പഠന റിപ്പോർട്ട്. ഡൽഹി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തിനു പിന്നാലെ ആരംഭിച്ച വിദ്വേഷപ്രചാരണം വൻതോതിൽ വിവേചനത്തിനും അക്രമങ്ങൾക്കും തുടക്കമിട്ടതായി പിന്നാക്ക സമൂഹങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ബേബക് കലക്ടിവ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു.
വർഗീയ പാർട്ടികൾക്കും മാധ്യമങ്ങൾക്കും പുറമെ ഭരണകൂടവും കൂട്ടു നിന്നതോടെ ചികിത്സ നിഷേധം ഉൾപ്പെടെ ഒട്ടേറെ പ്രതിസന്ധികളാണ് ന്യൂനപക്ഷം നേരിട്ടത്. മഹാരാഷ്ട്ര, കർണാടക, യു.പി, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലെ ആരോഗ്യ-വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, സംഘടനകൾ തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ് കോവിഡിെൻറ വർഗീയവത്കരണം, മുൻനിരയിൽനിന്നുള്ള അനുഭവങ്ങൾ എന്നുപേരിട്ട റിപ്പോർട്ട് തയാറാക്കിയത്. മനുഷ്യ ബോംബുകൾ, വൈറസ് വാഹകർ, വഞ്ചകർ എന്നീ മട്ടിൽ വ്യാജകഥകൾ ചമച്ച് വേട്ടയാടപ്പെട്ട മുസ്ലിംകൾക്ക് ഈ രാജ്യത്തെ പൗരന്മാരെന്ന രീതിയിൽ ലഭിക്കേണ്ട പരിരക്ഷ പോലും ലഭിക്കാതെപോയെന്ന് അനുഭവസ്ഥർ വ്യക്തമാക്കുന്നു.
സർക്കാറുകൾ നീതിനിഷേധം കാണിച്ചാൽപോലും ഇടപെടേണ്ട ദേശീയ മനുഷ്യാവകാശ-വനിത കമീഷനുകൾ, വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ കമീഷനുകൾ എന്നിവരും വിവേചനത്തിനിരയായ ന്യൂനപക്ഷങ്ങൾക്കായി വേണ്ടവിധം പ്രവർത്തിച്ചില്ല.
പകർച്ചവ്യാധിയുടെ വറുതിക്കാലത്ത് കുടിയേറ്റ തൊഴിലാളികൾക്കുൾപ്പെടെ ആശ്വാസ പ്രവർത്തനങ്ങളൊരുക്കിയ മുൻനിര പ്രവർത്തകരുടെ പ്രയത്നങ്ങളും ഹസീന ഖാൻ, ഖൗല സൈനബ്, ഉമറ സൈനബ് എന്നിവർ ചേർന്ന് എഴുതിയ റിപ്പോർട്ട് വിശദമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.