വിദ്വേഷവഴിയിൽ മോദിക്കുപിറകെ...; ബാബരിപ്പൂട്ട്, വോട്ട്ജിഹാദ് പ്രയോഗങ്ങൾ ആവർത്തിച്ച് അമിത് ഷാ
text_fieldsഹൈദരാബാദ്: തെരഞ്ഞെടുപ്പ് റാലികളിൽ തുടർച്ചയായി വിദ്വേഷപ്രസംഗം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വഴിയേ ആഭ്യന്തര മന്ത്രി അമിത് ഷായും. കഴിഞ്ഞയാഴ്ചകളിൽ മോദി നടത്തിയ ‘ബാബരിപ്പൂട്ട്’, ‘വോട്ട് ജിഹാദ്’ തുടങ്ങിയ പ്രയോഗങ്ങൾ അമിത് ഷായും ആവർത്തിച്ചു.
മോദിയുടെ തുടർച്ചയായ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ ഇൻഡ്യ മുന്നണി തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതികൾ നടപടികളില്ലാതെ കിടക്കുമ്പോഴാണ് അതേ വിദ്വേഷ പ്രയോഗങ്ങളുമായി മോദിയുടെ വലംകൈ അമിത് ഷായും രംഗത്തെത്തിയിരിക്കുന്നത്. അയോധ്യയിലെ രാമക്ഷേത്രത്തിൽ രാഹുൽ ‘ബാബരിപ്പൂട്ട്’ സ്ഥാപിക്കാതിരിക്കാൻ ബി.ജെ.പിയെ 400 സീറ്റ് നൽകി അധികാരത്തിലെത്തിക്കൂ എന്നായിരുന്നു മധ്യപ്രദേശിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പ്രസംഗിച്ചത്. കഴിഞ്ഞദിവസം, യു.പിയിലെ ലഖിംപൂർ ഖേരിയിൽ നടത്തിയ പ്രസംഗത്തിൽ ഇതേ കാര്യം ആവർത്തിച്ച അമിത് ഷാ, വ്യാഴാഴ്ച തെലങ്കാനയിൽ ‘വോട്ട് ജിഹാദ്’ പരാമർശവും നടത്തി.
ഭോൻഗിർ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ കടുത്ത പ്രയോഗങ്ങൾ നടത്തി. ഇത്തവണത്തെ തെരഞ്ഞെടുപ്പ് മോദിയും രാഹുലും തമ്മിലുള്ള കേവല മത്സരമല്ലെന്നും അതിനപ്പുറം വികസനവും വോട്ട് ജിഹാദും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ‘തെലങ്കാനയിൽ കോൺഗ്രസും ബി.ആർ.എസും ഉവൈസിയുടെ പാർട്ടിയും പരസ്പരം ഒത്തുചേർന്നാണ് പ്രവർത്തിക്കുന്നത്. ഇവിടെ അവർ രാമനവമി ആഘോഷിക്കാൻ സമ്മതിക്കില്ല; പൗരത്വനിയമത്തെ എതിർക്കുകയും ചെയ്യും. ഈ നേതാക്കൾ തെലങ്കാനയിൽ ശരീഅത്ത് നിയമപ്രകാരമുള്ള ഭരണമാണ് ആഗ്രഹിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
തെലങ്കാന സർക്കാർ എസ്.സി, എസ്.ടി, ഒ.ബി.സി സംവരണം വെട്ടിക്കുറച്ചുവെന്നും പകരം മുസ്‍ലിം സംവരണം നാല് ശതമാനം വർധിപ്പിച്ചുവെന്നും അമിത് ഷാ ആരോപിച്ചു. മോദി സർക്കാർ അധികാരത്തിലെത്തിയാൽ മുസ്‍ലിം സംവരണം റദ്ദാക്കി അത് എസ്.സി, എസ്.ടി, ഒ.ബി.സികൾക്കായി വീതിച്ചുനൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.