'ഇൻഡ്യ' അധികാരത്തിലേറുമെന്ന് ഡി.ബി ലൈവ് എക്സിറ്റ് പോൾ; കണക്കുകൾ ഇങ്ങനെ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ ഭൂരിഭാഗം സർവേ ഏജൻസികളും പ്രവചിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്നാണ്. 350ലേറെ സീറ്റുകൾ എൻ.ഡി.എ നേടുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പറയുന്നത്. അതേസമയം, എൻ.ഡി.എ 250ൽ താഴെ സീറ്റിൽ ഒതുങ്ങുമെന്നും ഇൻഡ്യ മുന്നണി അധികാരത്തിലേറുമെന്നും പ്രവചിച്ചിരിക്കുകയാണ് ഡി.ബി ലൈവ് ന്യൂസ് ചാനൽ നടത്തിയ എക്സിറ്റ് പോൾ.
എൻ.ഡി.എക്ക് 207 മുതൽ 241 വരെ സീറ്റ് മാത്രമാണ് ഡി.ബി ലൈവ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. അതേസമയം, ഇൻഡ്യക്ക് 255 മുതൽ 290 സീറ്റ് വരെ ലഭിക്കുമെന്നുമാണ് പ്രവചനം. മറ്റുള്ളവർക്ക് 29-51 സീറ്റാണ് പറയുന്നത്.
തമിഴ്നാട്ടിൽ 39ൽ 39ഉം ഇൻഡ്യ നേടാനുള്ള സാധ്യത ഡി.ബി ലൈവ് എക്സിറ്റ് പോളിൽ പറയുന്നു. 37-39 സീറ്റാണ് പ്രവചിക്കുന്നത്. മഹാരാഷ്ട്രയിൽ ഇൻഡ്യക്ക് 28-30 സീറ്റ് കിട്ടുമ്പോൾ എൻ.ഡി.എക്ക് 18-20 സീറ്റുകളാണ്. കർണാടകയിൽ ഇൻഡ്യക്ക് 18-20 സീറ്റും എൻ.ഡി.എക്ക് 8-10 സീറ്റുമാണ് പ്രവചിക്കുന്നത്.
ഡി.ബി ലൈവ് എക്സിറ്റ് പോൾ പ്രകാരം കേരളത്തിൽ 16-18 സീറ്റുകൾ യു.ഡി.എഫ് നേടും. എൽ.ഡി.എഫ് 2-3 സീറ്റിൽ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി ഒരു സീറ്റ് മാത്രമാണ് പ്രവചിക്കുന്നത്.
ജൂൺ നാലിന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യാഥാർഥ്യമാകാൻ പോകുന്നത് ഡി.ബി ലൈവ് എക്സിറ്റ് പോളാണെന്ന് കോൺഗ്രസ് നേതാവ് ലവ് ദത്ത എക്സിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.