അമിത്ഷാ ലോക്സഭയിൽ പറഞ്ഞത് നുണയെന്ന് നാഗാലാൻഡ് ബി.ജെ.പി നേതാവ്
text_fieldsന്യൂഡൽഹി: നാഗാലാൻഡിലെ ൈസനിക നടപടിയെ ന്യായീകരക്കാൻ ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞതൊക്കെ നുണയാണെന്ന് ബി.ജെ.പിയുടെ നാഗാലാൻഡ് ഘടകം നേതാവ്. രണ്ട് ദിവസം മുമ്പ് നാഗാലാൻഡിലെ മോൺ ജില്ലയിൽ സിവിലിയന്മാരെ വെടിവെച്ചുകൊന്ന സൈനിക പ്രത്യേക സേനയുടെ തീരുമാനത്തെ ന്യായീകരിക്കാൻ അമിത് ഷാ പറഞ്ഞത് വാസ്തവ വിരുദ്ധമായ കാര്യമാണെന്ന് ബി.ജെ.പി സംസ്ഥാന ഘടകം അറിയിച്ചു. ഡിസംബർ ആറിന് അമിത് ഷാ പാർലമെന്‍റിൽ നടത്തിയ പ്രസ്താവന പാർട്ടിയുടെ സംസ്ഥാന ഘടകത്തെ തളർത്തിയതായി ബി.ജെ.പി ഘടകം വിലയിരുത്തി.
പ്രദേശവാസികളുടെ വികാരത്തിനൊപ്പമാണ് ബി.ജെ.പിയെന്ന് നേതാക്കൾ പറഞ്ഞു. പ്രത്യേക സേന വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും സിവിലിയൻമാർ നിർത്താതെ പോയതിനാലാണ് വെടിയുതിർത്തത് എന്നായിരുന്നു ഷാ പാർലമെന്‍റിൽ പറഞ്ഞത്. ഇത് കളവാണെന്നും തങ്ങൾക്ക് നിർത്താൻ സൂചനകൾ ഒന്നും തന്നിട്ടുണ്ടായിരുന്നില്ല എന്നുമാണ് സംഘത്തിൽ ഉണ്ടായിരുന്നവർ പറയുന്നത്. ഞങ്ങൾ ഓടിപ്പോകാൻ ശ്രമിച്ചില്ല. വാഹനത്തിൽ തന്നെയായിരുന്നു. എന്നിട്ടും അവർ വെടി ഉതിർക്കുകയായിരുന്നു. രക്ഷപ്പെട്ടവരിൽ ഒരാൾ 'ഇന്ത്യൻ എക്‌സ്‌പ്രസി'നോട് പറഞ്ഞു. പാർലമെന്‍റിൽ ഷായുടെ പ്രസ്താവനക്ക് ശേഷം, ബി.ജെ.പി നാഗാലാൻഡ് സംസ്ഥാന എക്സിക്യൂട്ടീവിന്‍റെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പാർട്ടി നേതാക്കൾക്കിടയിൽ നിരാശ പ്രകടമായിരുന്നു. പ്രസ്താവനക്കെതിരെ രൂക്ഷമായി സംസാരിച്ച പാർട്ടി അംഗങ്ങളിൽ ഒരാൾ ബി.ജെ.പിയുടെ മോൺ ജില്ലാ പ്രസിഡന്‍റ് ന്യാവംഗ് കൊന്യാക് ആണ്. 'തങ്ങൾ ചെക്ക് ഗേറ്റിൽ നിർത്തിയില്ലെന്നും ഓടിപ്പോകാൻ ശ്രമിക്കുകയാണെന്നും അമിത് ഷായുടെ പ്രസ്താവന കള്ളമായിരുന്നു' എന്ന് ഒരു വോയ്‌സ് കുറിപ്പിൽ ന്യാവാംഗ് വ്യക്തമാക്കുന്നു. "അവർ പലായനം ചെയ്യാൻ ശ്രമിച്ചുവെന്നത് ശരിയല്ല. അതൊരു നുണയാണ്" -അദ്ദേഹം പറഞ്ഞു.
'സംസ്ഥാന കോൺഗ്രസ് നേതാക്കൾ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സന്ദർശിച്ചു. മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ഓട്ടിങ്ങിൽ എത്തിയിരുന്നു. പക്ഷേ, എന്‍റെ പാർട്ടിയിൽ നിന്ന് ആരും ഇതുവരെ വന്നിട്ടില്ല എന്നതിൽ വളരെ വിഷമമുണ്ട്. ശവസംസ്കാര ശുശ്രൂഷയിൽ സംസാരിക്കാൻ എന്‍റെ പാർട്ടിയിൽ നിന്ന് ആരും ഉണ്ടായിരുന്നില്ല; അവിടെ ആരെയും കണ്ടില്ല. ഞാൻ ഓട്ടിങ്ങിൽ നിന്ന് വരുമ്പോൾ ഞങ്ങളുടെ പാർട്ടി മഹിളാ ജില്ലാ യൂണിറ്റ് പ്രസിഡന്‍റും ഓട്ടിങ്ങിൽ നിന്നാണ് വരുന്നത്. നാഗാലാൻഡിലെ ജനങ്ങൾക്കും പുറത്തുനിന്നുള്ളവർക്കും (കേന്ദ്ര നേതാക്കൾ) മോൺ ജനതയുടെ വോട്ടുകൾ ആവശ്യമില്ലെന്നാണോ ഞാൻ മനസ്സിലാക്കേണ്ടത്? ഇതിൽ എനിക്ക് വളരെ സങ്കടമുണ്ട്, അതുകൊണ്ടാണ് ഇത് ഇവിടെ പങ്കിടുന്നത്' -ന്യാവാംഗ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.