‘ഇത് പുതിയ അവതാരം; തുടർന്നാൽ ഭരണമാറ്റം’; രാഹുൽ ഗാന്ധിയെ പുകഴ്ത്തി സഞ്ജയ് റാവുത്ത്
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും അദ്ദേഹം നയിക്കുന്ന ഭാരത് ജോഡോ യാത്രയെയും പുകഴ്ത്തി ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവും രാജ്യസഭ എം.പിയുമായ സഞ്ജയ് റാവുത്ത്. പാർട്ടി മുഖപത്രമായ സാമ്‌നയിലെ പ്രതിവാര കോളത്തിലാണ് അദ്ദേഹത്തിന്റെ പ്രശംസ.
2022ൽ കേന്ദ്ര സർക്കാർ കാരണം രാജ്യവും മഹാരാഷ്ട്രയും വഞ്ചന മാത്രമാണ് കണ്ടത്. ഇതിനിടയിലാണ് രാഹുൽ ഗാന്ധി സത്യത്തിന്റെയും ധീരതയുടെയും യാത്ര തുടങ്ങിയത്. യാത്ര തടയാൻ നിരവധി ഗൂഢാലോചനകൾ നടന്നിട്ടും ന്യൂഡൽഹിയിൽ എത്തി. ഡൽഹിയിലെ കൊടുംതണുപ്പിലും രാഹുൽ വെറും ടീ ഷർട്ട് മാത്രമാണ് ധരിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ മറുപടി ഹൃദയഭേദകമായിരുന്നു. 2022ൽ രാഹുൽ ഗാന്ധിയുടെ ഒരു പുതിയ അവതാരത്തെയാണ് കാണാനായത്. 2023ലും ഇത് തുടർന്നാൽ 2024ൽ ഒരു രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം കുറിച്ചു.
ഹിന്ദുക്കൾക്കിടയിൽ ഭീതി വിതച്ച് വോട്ട് കൊയ്യാനുള്ള ബി.ജെ.പി ആയുധമാണ് 'ലൗ ജിഹാദ്'. തെരഞ്ഞെടുപ്പുകൾ ജയിക്കാനാണോ അതോ ഹിന്ദുക്കൾക്കിടയിൽ ഭീതി വിതക്കാനാണോ ലൗ ജിഹാദ് ആയുധം ഉപയോഗിക്കുന്നത്? നടി തുനിഷ ശർമയുടെ മരണവും ശ്രദ്ധ വാക്കറുടെ കൊലപാതകവുമൊന്നും ലൗ ജിഹാദ് അല്ല. രാമജന്മഭൂമി പ്രശ്‌നം പരിഹരിച്ചു. ഇനി അതു പറഞ്ഞ് വോട്ട് പിടിക്കാനാകില്ല. നരേന്ദ്ര മോദിയും അമിത് ഷായും ഇനി വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പുതിയ വിത്തുകൾ വിതക്കരുതെന്നും സഞ്ജയ് റാവുത്ത് ലേഖനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.