‘ഇത് മുസ്ലിംകളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണം, മോദി ഭരണത്തിന്റെ അനന്തര ഫലം’; ട്രെയിനിലെ കൂട്ടക്കൊലയിൽ രൂക്ഷ വിമർശനവുമായി ഉവൈസി
text_fieldsട്രെയിനിൽ ആർ.പി.എഫ് ജവാന്റെ വെടിയേറ്റ് നാലുപേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. ഇത് മുസ്ലിംകളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണെന്നും തുടർച്ചയായ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ അവസാനിപ്പിക്കാൻ നരേന്ദ്ര മോദി തയാറാകാത്തതിന്റെ അനന്തര ഫലമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രതിയായ ആർ.പി.എഫ് ജവാൻ ഭാവിയിൽ ബി.ജെ.പി സ്ഥാനാർഥിയാകുമോയെന്നും അദ്ദേഹം പരിഹസിച്ചു.
‘ഇത് മുസ്ലിംകളെ പ്രത്യേകമായി ലക്ഷ്യമിട്ടുള്ള ഭീകരാക്രമണമാണ്. തുടർച്ചയായ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളുടെയും ഇത് അവസാനിപ്പിക്കാൻ നരേന്ദ്ര മോദി തയാറാകാത്തതിന്റെയും അനന്തര ഫലമാണിത്. പ്രതിയായ ആർ.പി.എഫ് ജവാൻ ഭാവിയിൽ ബി.ജെ.പി സ്ഥാനാർഥിയാകുമോ? അദ്ദേഹത്തിന് ജാമ്യം ലഭിക്കാൻ സർക്കാർ പിന്തുണയുണ്ടാകുമോ? അയാൾ പുറത്തിറങ്ങുമ്പോൾ പൂമാല ചാർത്തുമോ?’, ഉവൈസി ട്വിറ്ററിൽ കുറിച്ചു.
This is a terror attack that specifically targeted Muslims. It is the product of continuous anti-Muslim hate speech & unwillingness of @narendramodi to put an end to it. Will the accused #RPFJawan become a future BJP candidate? Will his bail be supported by the govt? Will he be… https://t.co/hEmlXni5np
— Asaduddin Owaisi (@asadowaisi) July 31, 2023
തിങ്കളാഴ്ച രാവിലെ അഞ്ചോടെ ജയ്പൂർ-മുംബൈ സെൻട്രൽ എക്സ്പ്രസ് ട്രെയിനിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊല. തന്റെ സീനിയർ ഉദ്യോഗസ്ഥൻ ടിക്കാറാം മീണയെ കൊന്നശേഷം അടുത്ത കോച്ചിലെത്തി മുസ്ലിം യാത്രക്കാരെ തെരഞ്ഞുപിടിച്ച് വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവർ അസ്ഗർ അബ്ബാസ് അലി (48), അബ്ദുൽഖാദർ മുഹമ്മദ് ഹുസൈൻ (64), സതാർ മുഹമ്മദ് ഹുസൈൻ (48) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു. രക്തത്തിൽ കുളിച്ചുകിടന്ന മൃതദേഹങ്ങൾക്ക് സമീപം നിന്ന് ‘ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മോദിക്കും യോഗിക്കും മാത്രം വോട്ടുചെയ്യുക’ എന്ന് പ്രതി പറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇയാളുടെ സർവിസ് തോക്കിൽനിന്ന് 12 റൗണ്ട് വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. അടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് പിന്തുടർന്ന് പിടികൂടി. ഉത്തർപ്രദേശിലെ ഹാഥറസ് സ്വദേശിയാണ്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ബൊരിവാലി റെയിൽവേ സ്റ്റേഷനിലെത്തിച്ചാണ് മൃതദേഹങ്ങൾ ട്രെയിനിൽനിന്ന് പുറത്തിറക്കിയത്.
ഗുജറാത്തിലെ സൂറത്ത് സ്റ്റേഷനിൽനിന്ന് ദാദർ-പോർബന്ദർ സൗരാഷ്ട്ര എക്സ്പ്രസിൽ കഴിഞ്ഞദിവസമാണ് എ.എസ്.ഐയും ചൗധരിയും കയറിയത്. മടക്കയാത്രയിൽ കയറിയ ട്രെയിനിൽവെച്ചാണ് വെടിവെപ്പുണ്ടായത്. ഒരു ട്രെയിനിൽ നാലോ അഞ്ചോ ആർ.പി.എഫ് ഉദ്യോഗസ്ഥരാണ് സുരക്ഷക്കായി ഉണ്ടാകുക. കൊല്ലപ്പെട്ട എ.എസ്.ഐയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് റെയിൽവേ അറിയിച്ചു.
രാജ്യത്തിന്റെ നിലവിലെ അവസ്ഥയാണ് ട്രെയിനിലെ കൂട്ടക്കൊല വെളിപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ബി.വി ശ്രീനിവാസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.