'നിങ്ങൾ കൊന്നുകളഞ്ഞ കർഷകരേക്കാൾ പ്രധാനമല്ല ഞാൻ; ഈ രാജ്യം കർഷകരുടേതാണ്, ബി.ജെ.പിയുടേതല്ല' -പൊലീസിനോട് കയർത്ത് പ്രിയങ്ക
text_fieldsകർഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് കയറ്റിയതിനെ തുടർന്ന് എട്ടു പേർ മരിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലേക്ക് പുറപ്പെട്ട കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവരെ അറസ്റ്റ് ചെയ്തതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. പ്രിയങ്കയുടെ കൈകൾ ബന്ധിക്കാനടക്കം പൊലീസ് ശ്രമിക്കുന്നതിന്‍റെയും അവർ പൊലീസിനോട് ശക്തമായി കയർത്തു സംസാരിക്കുന്നതിന്‍റെയും വിഡിയോകൾ പുറത്തുവന്നിട്ടുണ്ട്.
'നിങ്ങളും നിങ്ങൾ പ്രതിരോധിക്കാൻ ശ്രമിക്കുന്ന സർക്കാറും കൊന്നുകളഞ്ഞ കർഷകരേക്കാൾ പ്രധാനമല്ല ഞാൻ. എന്നെ തടയാൻ നിയമപരമായ വാറന്‍റുണ്ടെങ്കിൽ അതു കാണിക്കൂ..' -തന്നെ തടഞ്ഞ പൊലീസിനോട് പ്രിയങ്ക ശബ്ദമുയർത്തി പറഞ്ഞു.
'കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിക്കാനാണ് ഞാൻ വന്നത്. അല്ലാതെ കുറ്റമൊന്നും ചെയ്തിട്ടില്ല. എന്തിനാണ് എന്നെ തടയുന്നത്. ഈ രാജ്യം കർഷകരുടേതാണ്, ബി.ജെ.പിയുടേതല്ല' -പ്രിയങ്ക പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കർഷക പ്രതിഷേധത്തിനിടയിലേക്ക് കാറിടിച്ച് കയറ്റിയതിനെ തുടർന്ന് നാല് കർഷകരും മറ്റു നാലു പേരും മരിച്ചത്. കേന്ദ്ര മന്തിയുടെ മകന്‍റെ വാഹനവ്യൂഹമാണ് ഇടിച്ചു കയറ്റിയതെന്ന് കർഷകർ പറയുന്നു. കാറിടിച്ചു കയറ്റിയതിനെ തുടർന്ന് നാലു പേരും തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പേരുമാണ് മരിച്ചത്.
ലഖിംപുർ ഖേരിയിലേക്ക് പ്രിയങ്കയെ കൂടാതെ മറ്റു പ്രതിപക്ഷനേതാക്കളും വരാനുള്ള ശ്രമത്തിലാണ്. കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ സന്ദർശിക്കാനാണ് പ്രതിപക്ഷ നേതൃനിര എത്തുന്നത്. അതിനിടെ ലഖ്നോയിൽനിന്ന് ലഖിംപുർ ഖേരിയിലേക്ക് പുറപ്പെട്ട കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, പിന്തിരിയില്ലെന്നും അവിടേക്ക് നടന്നുപോകുമെന്നുമുള്ള നിലപാടിലാണ് അവർ.
സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, രാഷ്ട്രീയ ലോക്ദളിെൻറ ജയന്ത് ചൗധരി എന്നിവർ തിങ്കളാഴ്ച ഇവിടെ എത്തും. ഇവർക്കു പുറമെ രാകേഷ് ടിക്കായത്ത് ഉൾപ്പെടെയുള്ള കർഷകനേതാക്കളും ലഖിംപുർ ഖേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
പ്രതിനിധിസംഘത്തെ അയക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതിയും അറിയിച്ചു. തൃണമൂൽ എം.പിമാരുടെ സംഘം കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ സന്ദർശിക്കുമെന്ന് പാർട്ടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.