കർഷകരുടെ സമരാഗ്നിക്കൊപ്പമുണ്ട് നാട്...കൃഷിയും ഫാമും പരിചരിച്ച് അയൽക്കാരുടെ അണയാത്ത പിന്തുണ
text_fieldsപാട്യാല: പഞ്ചാബിലെ ഹോഷിയാർപുർ ജില്ലയിലെ ചബ്ബേവാൾ ഗ്രാമത്തിൽ അർധരാത്രി അടുത്ത വീട്ടിലെ വയോധികയെ അടുത്തുള്ള ആശുപത്രിയിലെത്തിക്കുകയാണ് പർമീന്ദർ സിങ്. ഒരുവശം തളർന്നുപോയ അവർക്ക് അടിയന്തര ൈവദ്യസഹായം വേണം. അവരുടെ ബന്ധുവൊന്നുമല്ലെങ്കിലും ഇപ്പോൾ മകന്‍റെ സ്ഥാനത്തുതന്നെയാണ് പർമീന്ദർ. കാരണം, ആ വയോധികയുടെ മകൻ ശിവ്രഞ്ജൻ സിങ് കർഷകർക്കെതിരായ നരേന്ദ്ര മോദി സർക്കാറിന്‍റെ കരിനിയമങ്ങൾക്കെതിരെ അങ്ങ് സിംഗുവിലെ അതിർത്തിയിൽ സമരഭൂമിയിലാണ്.
അവരുടെ ചികിത്സ ഉറപ്പുവരുത്തിയ ശേഷം പർമീന്ദറിന് അയൽപക്കത്തെ മറ്റൊരു വീട്ടിൽ വിവാഹ ആവശ്യങ്ങൾക്കുള്ള ഒരുക്കങ്ങൾക്കായി സഹായിക്കണം. ആ കുടുംബത്തിലെ ചില അംഗങ്ങൾ സമരഭൂമിയിലായതിനാൽ പർമീന്ദറിനും ഒപ്പമുള്ള കൂട്ടുകാർക്കും അതും ഒഴിച്ചുകൂടാനാവാത്തതാണ്.
ചബ്ബേവാൾ ഗ്രാമത്തിലെ എല്ലാവർക്കും വേണ്ട സഹായങ്ങൾക്കുവേണ്ടി സ്വയം സമർപ്പിച്ചിരിക്കുകയാണ് പർമീന്ദറും ഒപ്പമുള്ള കുറച്ച് ചെറുപ്പക്കാരും. സമരത്തിനുപോയ കർഷകരുടെ ഫാമുകൾ നോക്കി നടത്തുക, കന്നുകാലികൾക്ക് ഭക്ഷണം നൽകുക, വീട്ടുകാർക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ എത്തിക്കുക തുടങ്ങിയവയെല്ലാം ഏറെ ആവേശത്തോടെ അവർ ഏറ്റെടുത്തിരിക്കുകയാണ്. 'എരുമകൾക്ക് ഭക്ഷണം നൽകൽ മാത്രമല്ല ഇവിടെ ഞങ്ങളുടെ ഉത്തരവാദിത്വം. വയലിൽ വളമിടാനും ജലസേചനം നടത്താനും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. വീടുകളിലേക്കാവശ്യമായ പലവ്യഞ്ജന വസ്തുക്കൾ, സ്റ്റേഷനറികൾ, മരുന്നുകൾ എന്നിവ എത്തിക്കുന്നതും ഞങ്ങൾ തന്നെയാണ്. അവർക്ക് എന്താവശ്യമുണ്ടെങ്കിലും ഞങ്ങൾ ഒപ്പമുണ്ട്. കർഷകരുടെ വീടുകളിൽ നിശ്ചയിച്ചുറപ്പിച്ച വിവാഹ ചടങ്ങുകൾക്ക് വരെ എല്ലാ സഹായവുമായി ഞങ്ങളുണ്ടാകും' -പർമീന്ദർ പറയുന്നു.
ശിവരഞ്ജൻ രണ്ടുമൂന്നാഴ്ച കൂടി സിംഗു അതിർത്തിയിൽ പ്രക്ഷോഭത്തിനൊപ്പമുണ്ടാകും. പാടത്ത് വിത്തിറക്കിയ ശേഷമാണ് സമരഭൂമിയിലേക്ക് തിരിച്ചത്. വിളസംരക്ഷണമടക്കമുള്ള കാര്യങ്ങളെല്ലാം ഇപ്പോൾ നാട്ടിലുള്ള മറ്റുള്ളവർ നോക്കും. ഗ്രാമത്തിൽനിന്ന് പുതിയൊരു സംഘം കർഷകർ ചൊവ്വാഴ്ച സിംഗുവിലെത്തിയിട്ടുണ്ട്. സമരഭൂമിയിലുള്ള കർഷകരുടെ പാടങ്ങളിൽ ഗോതമ്പ് വിതച്ചതും കോളിഫ്ലവർ, പയർ ചെടികൾ പരിചരിച്ചതുമൊക്കെ അവരായിരുന്നു.
'എന്‍റെ പാടത്ത് ഗോതമ്പ് വിതക്കുന്നത് പൂർത്തിയായി. അതും ഫാമിലെ മറ്റു ജോലികളുമെല്ലാം ചെയ്തത് ഗ്രാമത്തിലെ ആളുകളാണ്. അതുകൊണ്ട് ഒരു മാസത്തോളം എനിക്കിവിടെ തങ്ങാം. അതിനുശേഷവും സമരം തുടരുന്ന സാഹചര്യമാണെങ്കിൽ ഞങ്ങൾ ഊഴമിട്ട് നാട്ടിൽപോയി തിരിച്ചുവരും. കരിനിയമങ്ങൾ തിരുത്തുന്നതുവരെ നിങ്ങൾ സമരത്തിൽ ഉറച്ചുനിന്നോളൂ എന്നാണ് കുടുംബം പറയുന്നത്. അവർക്ക് അവിടെ പ്രശ്നങ്ങളൊന്നുമില്ല. നാട് മുഴുവൻ ഈ സമരത്തിൽ ഒറ്റക്കെട്ടാണ്. ഇനിയുമൊരുപാട് പഞ്ചാബികൾ സമരത്തിനൊപ്പം േചരാനായി ഒരുങ്ങിനിൽപുണ്ട്' -ശിവരഞ്ജൻ പറഞ്ഞു.
വീറോടെ വനിതകളുമുണ്ട് കൂടെ
ബാലാചാക്കിൽനിന്നുള്ള രൂപീന്ദർ കൗർ ഡിസംബർ ഒന്നിന് സിംഗു അതിർത്തിയിൽ സമരത്തിനെത്തിയതാണ്. റാലികൾ സംഘടിപ്പിക്കുകയും സമൂഹ അടക്കളകൾ ഒരുക്കുകയുമാണ് അവരുടെ ചുമതല. 'രണ്ടാഴ്ച കൂടി ഞാൻ ഇവിടെയുണ്ടാകും. അതുകഴിഞ്ഞാൽ എനിക്ക് പകരം ഭർത്താവ് സമരത്തിനൊപ്പം ചേരും. കർഷകനിയമത്തിൽ കണ്ണിൽപൊടിയിടുന്ന മാറ്റങ്ങൾ വരുത്തി സമരത്തെ നിർവീര്യമാക്കാമെന്ന് ആരും കരുതേണ്ട. ഈ നിയമങ്ങൾ പിൻവലിക്കുന്നതല്ലാത്തതൊന്നും ഞങ്ങൾക്ക് സ്വീകാര്യമല്ല.' -രൂപീന്ദർ വീറോടെ പറയുന്നു.
സമരത്തിൽ പങ്കെടുക്കാനെത്തിയ വനിതകളുടെ വീടുകളിൽ എല്ലാ കാര്യങ്ങളും നോക്കുന്നത് കുടുംബത്തിലെ പുരുഷന്മാരും അയൽവാസികളുമാണ്. 'എന്‍റെ മക്കളെ ഇപ്പോൾ നോക്കുന്നത് അയൽവാസികളാണ്. ഭർത്താവ് ഗോതമ്പിന് വളം നൽകുന്നതിൽ വ്യാപൃതനാകുേമ്പാൾ മക്കളുടെ പഠനകാര്യമടക്കം അയൽക്കാർ ശ്രദ്ധിക്കുന്നു. അവിടത്തെ കാര്യങ്ങളോർത്ത് ആശങ്കപ്പെടേണ്ടതില്ലെന്നാണ് അവരെപ്പോഴും പറയുന്നത് '-രൂപീന്ദർ കൂട്ടിച്ചേർത്തു.
ദൗൻകാലാനിലെ തണുപ്പുള്ള രാത്രിയിൽ ടോർച്ചുമായി പാടത്ത് പണിയിലാണ് ദാൽജിത് കൗറിനെപ്പോലുള്ള സ്ത്രീകൾ. സമരത്തിന് പോയ പുരുഷന്മാരുടെ കൂടി ഉത്തരവാദിത്തം ഏറ്റെടുത്ത് പുലർച്ചെമുതൽ രാത്രിവരെ ജോലിയിൽ വ്യാപൃതരാവുകയാണ് സ്ത്രീകൾ. 11 കന്നുകാലികളുള്ള മഞ്ജീത് കൗർ കുടുംബത്തിലെ മൂന്നുപേരുടെ സഹായത്താൽ അവയെ പരിചരിക്കുകയാണ്. കൃഷിയാണ് കുടുംബത്തിന് എല്ലാമെന്നതിനാൽ ഈ നിയമം മാറ്റിയെഴുതിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് മഞ്ജീത് പറയുന്നു.
'വിള നശിച്ചാലും വീര്യം കുറയില്ല'
സിംഗുവിലെ സമരമുഖത്തുനിന്ന് ഒരിഞ്ചുപോലും പിന്മാറാൻ അമരീന്ദർ സിങ് തയാറല്ല. പാട്യാല ഫത്തേപൂർ ഗ്രാമത്തിലെ അദ്ദേഹത്തിന്‍റെ കുടുംബവും അയൽവാസി ജസ്വീർ സിങ്ങും േഗാതമ്പുകൃഷിയുടെ പരിചരണം വേണ്ടവിധം നടത്തുന്നുണ്ട്. സമരഭൂമിയിലുണ്ടായിരുന്ന ജസ്വീർ തിങ്കളാഴ്ചയാണ് നാട്ടിലേക്ക് മടങ്ങിയത്. ആറേക്കറിലെ പയർ കൃഷിക്ക് ചെറിയതോതിൽ നാശം സംഭവിച്ചത് ജസ്വീറിനെ ഒട്ടും അലട്ടുന്നില്ല. 'കണ്ണീർ വാതക പ്രയോഗമടക്കം നടത്തി സർക്കാർ ഞങ്ങളെ ക്രിമിനലുകളെ പോലെയാണ് കാണുന്നത്. വിളകൾ മുഴുവൻ നശിച്ചാലും ഈ ഭൂമി സംരക്ഷിക്കാനും ഭാവി തലമുറകൾക്ക് വേണ്ടിയും ഈ കരിനിയമങ്ങൾ പിൻവലിപ്പിക്കാൻ ഏതറ്റം വരെയും ഞങ്ങൾ പോകും' -ജസ്വീർ പറഞ്ഞു.
സമരഭൂമിയിലെത്തിയത് മൂന്നരലക്ഷത്തിലേറെപ്പേർ
നവംബർ 25ന് തുടങ്ങിയ സമരത്തിൽ പങ്കെടുക്കാൻ മുന്നുലക്ഷത്തോളം കർഷകർ അതിർത്തികളിലെത്തിയിട്ടുണ്ടെന്നാണ് കണക്ക്. അതിനുശേഷം 60000ത്തിലേറെ പേർ സമരത്തിൽ ചേർന്നു. രാജ്യത്ത് ഗോതമ്പിന്‍റെയും നെല്ലിന്‍റെയും പ്രധാന ഉൽപാദകരായ പഞ്ചാബിൽ കൃഷിഭൂമി സ്വന്തമായുള്ള 11 ലക്ഷത്തോളം കർഷകരുണ്ടെന്നാണ് പഞ്ചാണ് അഗ്രിക്കൾച്ചറൽ യൂനിവേഴ്സിറ്റിയുടെ കണക്ക്. ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരിൽ 85 ശതമാനം പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.