‘ഇത് മുസ്‍ലിം പ്രീണനം’; രണ്ട് ജില്ലകളിൽ അംഗൻവാടി അധ്യാപക നിയമനത്തിന് ഉർദുവും യോഗ്യതയാക്കിയ കർണാടക സർക്കാറിനെതിരെ ബി.ജെ.പി
text_fieldsബംഗളൂരു: കർണാടകയിലെ രണ്ട് ജില്ലകളിൽ അംഗൻവാടി അധ്യാപക നിയമനത്തിന് ഉർദുവും യോഗ്യതയാക്കിയ കർണാടക സർക്കാർ നടപടിക്കെതിരെ ബി.ജെ.പി. മുദിഗരെ, ചിക്കമഗലൂരു ജില്ലകളിൽ നിയമനത്തിന് അപേക്ഷിക്കുമ്പോഴാണ് ഉറുദു അറിയണമെന്ന് വനിത-ശിശുക്ഷേമ മന്ത്രാലയം നിബന്ധന വെച്ചത്.
ജനസംഖ്യയുടെ 25 ശതമാനത്തിലധികം ന്യൂനപക്ഷ സമുദായങ്ങളുള്ള പ്രദേശങ്ങളിൽ കന്നഡക്ക് പുറമെ ന്യൂനപക്ഷ ഭാഷയിൽ പ്രാവീണ്യമുള്ള അധ്യാപകരെ നിയമിക്കണമെന്നാണ് സർക്കാർ വിജ്ഞാപനം. കന്നഡ പ്രാവീണ്യം നിർബന്ധിത യോഗ്യതയായി ഉൾപ്പെടുത്തണമെന്നും ജോലി അപേക്ഷാ നടപടികൾ കന്നഡയിൽ ലഭ്യമാക്കണമെന്നും ഇതിൽ ആവശ്യപ്പെടുന്നുമുണ്ട്.
സർക്കാർ ഉത്തരവിനെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് പ്രതിപക്ഷമായ ബി.ജെ.പി. നടപടി മുസ്‍ലിം പ്രീണനമാണെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തുന്നത്. കന്നഡ സംസാരിക്കുന്ന പ്രദേശങ്ങളിൽ സർക്കാർ ഉർദു അടിച്ചേൽപ്പിക്കുകയാണെന്നും സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായ കന്നഡയേക്കാൾ ഉർദുവിന് മുൻഗണന നൽകുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറും വ്യക്തമാക്കണമെന്നും ബി.ജെ.പി എക്സിലെ ഔദ്യോഗിക പേജിൽ കുറിച്ചു.
‘അംഗൻവാടി ടീച്ചർ ജോലി ലഭിക്കാൻ ഉർദു അറിഞ്ഞിരിക്കണമെന്ന പ്രഖ്യാപനം അംഗീകരിക്കാനാവില്ല. മുസ്‍ലിം സമുദായത്തെ തൃപ്തിപ്പെടുത്താനും തൊഴിലവസരങ്ങൾ നിയന്ത്രിക്കാനുമുള്ള കോൺഗ്രസിന്റെ മറ്റൊരു ശ്രമമാണിത്. ഇതൊരു അപകടകരമായ രാഷ്ട്രീയ തന്ത്രമാണ്’ -എന്നിങ്ങനെയായിരുന്നു മുതിർന്ന ബി.ജെ.പി നേതാവും മുൻ എം.പിയുമായ നളിൻ കുമാർ കട്ടീലിന്റെ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.