ഈ അപരന് തിരക്കോട് തിരക്കാണ്; മോദിയായി സിനിമയിൽ അഭിനയിക്കണം, ബി.ജെ.പി റാലികളിൽ പങ്കെടുക്കണം
text_fields
അഹ്മദാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി തെരുവിലിറങ്ങി തെക്കുവടക്ക് നടന്നുതുടങ്ങിയാൽ എന്താകും പുകില്? ഗുജറാത്തിലെ ഗാന്ധിധാമിലിപ്പോൾ അങ്ങനെയൊരു പ്രതിസന്ധിയുണ്ട്. ആളു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ലെന്ന് ആദ്യമായി കാണുന്നവർ പറയില്ല. അതേ മുഖഛായ, അതേ ശരീരഭാഷ. ആളു പക്ഷേ ലാൽജി ദെവാരിയയാണ്. വ്യവസായി. പഴയ കോൺഗ്രസുകാരൻ.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയും പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയുമായതോടെയാണ് ദെവാരിയക്ക് പുതിയ നിയോഗം വരുന്നത്.
ഒരിക്കൽ തെരുവിലൂടെ നടക്കുേമ്പാൾ പ്രായമേറെ ചെന്ന സ്ത്രീ കാൽക്കൽ വീണ് അനുഗ്രഹം ചൊരിയുന്നത് കണ്ടതോടെയാണ് താൻ ശരിക്കും മോദിയെ പോലെയുണ്ടെന്ന് തെവാരിയക്ക് തോന്നിതുടങ്ങിയത്. ''ശരിക്കും അമ്പരന്നു പോയി. സ്ത്രീ ഒരു ക്രിസ്ത്യാനിയായിരുന്നു. മോദി പ്രധാനമന്ത്രിയാകണമെന്ന് എല്ലാ ദിവസവും ദേവാലയത്തിൽ ചെന്ന് പ്രാർഥിക്കാറുണ്ടായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നെ 'മോദിജി' എന്നു തന്നെ വിളിച്ചുകൊണ്ടിരുന്നു. അവർക്ക് തെറ്റുപറ്റിയെന്ന് പറയാൻ പക്ഷേ, മനസ്സുവന്നില്ല''- ദെവാരിയ 'ദ പ്രിന്‍റി'നോട് പറയുന്നു.
തൊട്ടുമുമ്പാണ്, മോദിയുടെ പേരിൽ ഇറങ്ങുന്ന 'നമോ സോമേ ഗാമോ' എന്ന ഗുജറാത്തി ചിത്രത്തിൽ മോദിയായി അഭിനയം പൂർത്തിയാക്കിയിരുന്നത്. അഭിനയ തികവിനെക്കാൾ മോദിയുമായി രൂപ സാദൃശ്യമാണ് ദെവാരിയക്ക് നറുക്കു വീഴാൻ കാരണം. അന്നു പക്ഷേ, ദെവാരിയ മോദിയുടെ പാർട്ടിയായിരുന്നില്ല. കോൺഗ്രസുകാരനായിരുന്നു. പതിറ്റാണ്ടുകളായി പാർട്ടി പ്രവർത്തകൻ. സംഘടനാ പ്രവർത്തനമില്ലാത്ത സമയത്ത് പാൽ ബിസിനസിൽ സജീവം.
''45 വർഷമായി കോൺഗ്രസിലുണ്ട്. അവസാനം അതു വിടേണ്ടിവന്നു. പാർട്ടിയുടെ അനുമതിയോടെയാണ് സിനിമയിൽ അഭിനയിച്ചത്. രൂപ സാൃദശ്യം മോദിക്ക് ജനം നൽകുന്ന സ്നേഹത്തിന്റെ ആഴം മനസ്സിലാക്കിതന്നു. ഒരിക്കൽ ആശുപത്രിയിൽ ചെന്നപ്പോൾ മരണശയ്യയിലുള്ള വൃദ്ധന് അവസാന സ്വപ്നം മോദിയെ കാണണമെന്നായിരുന്നു. മറ്റൊരിക്കൽ തെരുവിലൂടെ നടക്കുേമ്പാൾ ബുർഖ അണിഞ്ഞ സ്ത്രീ അടുത്തുവന്ന് സെൽഫി എടുക്കാൻ അനുമതി തേടി. മോദി അവർക്ക് ഹീറോ ആണത്രെ''- കഥകൾ പലതുണ്ട് ദെവാരിയക്ക് പറയാൻ.
കാര്യങ്ങൾ ഇങ്ങനെ പോയെങ്കിലും 2014നു ശേഷം മോദിക്ക് പ്രീതി കൂടിയതോടെ കളി കാര്യമായെന്ന് അദ്ദേഹം പറയുന്നു. 2017ൽ രാഹുൽ ഗാന്ധിയുടെ ഒരു റാലിയിൽ ദെവാരിയ എത്തിയിരുന്നു. രാഹുലിനൊപ്പം നടന്നുനീങ്ങുന്ന 'മോദി'യെ കണ്ട് പത്രങ്ങൾ വാർത്ത നൽകി. ഇതോടെ പ്രതിസന്ധിയിലായ കോൺഗ്രസ് നേതൃത്വം ദെവാരിയയെ വിളിച്ച് ഒന്നുകിൽ രൂപം മാറണം, അല്ലെങ്കിൽ പാർട്ടി മാറണം എന്ന് ശാസിച്ചു. എളുപ്പവഴിയെന്ന നിലക്ക് പാർട്ടി തന്നെ മാറി.
ദെവാരിയക്കു മാത്രമല്ല, ഭാര്യ ഭാരതിക്കും കിട്ടിയിട്ടുണ്ട് പേരുമാറ്റം. പലരും അവരെ യശോദബെൻ എന്ന് വിളിക്കും, കളിയായിട്ടാണേലും. ഭാരതിക്കുപക്ഷേ, ദെവാരിയുടെ മോദി രൂപം തമാശയായേ തോന്നിയിട്ടുള്ളൂ.
2018ലാണ് ദെവാരിയ പാർട്ടി മാറുന്നത്. അതോടെ, പുതിയ നിയോഗവും വന്നു. ഇന്നിപ്പോൾ തിരക്കോടു തിരക്കാണ്. ബി.ജെ.പി റാലികളിൽ മോദിയെ അനുകരിക്കണം. ഇതുവരെയായി 700 തവണയെങ്കിലും മോദിയായി റാലികളിൽ അണിനിരന്നതായി ദെവാരിയ പറയുന്നു. ഒന്നിലുമില്ല അദ്ദേഹത്തിന് ഖേദം. കോൺഗ്രസും ബി.ജെ.പിയും തമ്മിലെ ആശയ വ്യത്യാസത്തിലും പ്രശ്നം തോന്നിയിട്ടില്ല. എന്നല്ല, ബി.ജെ.പിയിലെത്തിയതോടെ ജനം ആദരത്തോടെ കണ്ടു തുടങ്ങിയതിന്‍റെ സന്തോഷത്തിലാണ് ദെവാരിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.