'ഇത്തവണ രാമന്; ഇരുപത്താറിൽ ഇടതിന്'
text_fieldsപശ്ചിമ ബംഗാളിൽ ഈ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാലും ഇല്ലെങ്കിലും ഇടതുപക്ഷവും കോൺഗ്രസും ചേർന്നുണ്ടാക്കിയ 'മഹാസഖ്യ'ത്തിന് വോട്ടുചെയ്യുമെന്നുറപ്പിച്ച സി.പി.എം, കോൺഗ്രസ് പ്രവർത്തകരെ ഒരുമിച്ച് കണ്ടത് രാജാർ ഹട്ടിൽനിന്നാണ്. നിർമാണ മേഖലയിൽ സ്വയം സംരംഭകനായ കോൺഗ്രസുകാരൻ ഗുഫ്റാനും ടൈൽസ് പണി ചെയ്യുന്ന സി.പി.എമ്മുകാരൻ ഹകീം മുല്ലയും ബംഗാൾ ഇതുവരെ കണ്ടതിൽ തെറ്റില്ലാത്ത മുഖ്യമന്ത്രിയാണ് മമതാ ബാനർജിയെന്ന് പറഞ്ഞുകൊണ്ടുതെന്നയാണ് ഇക്കുറി തങ്ങളുടെ മണ്ഡലത്തിൽ സി.പി.എം നിർത്തിയ യുവനേതാവിന് വോട്ടു ചെയ്യുമെന്ന് വെളിപ്പെടുത്തുന്നതും.
ജയസാധ്യത തൃണമൂൽ സ്ഥാനാർഥിക്കാണെന്ന് സമ്മതിക്കുന്ന ഇരുവരും തങ്ങൾ സി.പി.എം സ്ഥാനാർഥിക്ക് വോട്ടു ചെയ്താൽ ബി.ജെ.പിക്കെതിരായ വോട്ടുകൾ ഭിന്നിക്കുമെന്നും സമ്മതിക്കുന്നുണ്ട്. എന്നാൽ, തൃണമൂൽ എം.എൽ.എയുടെയും പ്രാേദശിക നേതാക്കളുടെയും ഗുണ്ടായിസത്തിനെതിരെ വോട്ടുചെയ്തതിെൻറ പേരിൽ ബി.ജെ.പി ജയിച്ചുവന്നാലും കുഴപ്പമില്ലെന്ന് ഇരുവരും വീറോടെ വാദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും നടപ്പാക്കുമെന്ന് ആണയിട്ടാലും തൃണമൂൽ പ്രാദേശിക നേതാക്കളോടുള്ള അമർഷത്തിലും വലുതല്ല തങ്ങളുടെ ബി.ജെ.പി വിരോധം എന്നവർ വിശദീകരിക്കുന്നു.
ഇത്തവണ സി.പി.എമ്മിന് വോട്ടു ചെയ്തതുകൊണ്ട് എന്തു കിട്ടാനാണ് എന്നു ചോദിച്ചപ്പോൾ പശ്ചിമ ബംഗാളിലെ സി.പി.എം പ്രവർത്തകർക്കിടയിൽ പ്രചുര പ്രചാരത്തിലായ ആ മുദ്രാവാക്യം ചിരിച്ചുകൊണ്ട് ഹകീം മുല്ലയും പറഞ്ഞു. ''എക്കുഷേ രാം, ഛബ്ബിസെ ബാം'' (ഇരുപത്തൊന്നിൽ രാമന്; ഇരുപത്താറിൽ ഇടതിന്). ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് പരാജയപ്പെട്ടാൽ ആ പാർട്ടി ഇല്ലാതാകുകയും ബംഗാളിലെ പ്രധാന പ്രതിപക്ഷമായി തങ്ങൾ മാറുകയും ചെയ്യും. അതിനാൽ ഇത്തവണ ബി.ജെ.പിക്ക് വോട്ടു ചെയ്തും തൃണമൂലിനെ തോൽപിച്ച് 26ൽ ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടാമെന്ന കണക്കുകൂട്ടലിലാണ് തങ്ങളെന്നും ഹകീം മുല്ല പറഞ്ഞു.
സി.പി.എം നേതാവ് മുഹമ്മദ് സലീം ഇത്തരമൊരു മുദ്രാവാക്യം നിഷേധിച്ച ശേ ഷവും ബംഗാളിലുടനീളം ആ മുദ്രാവാക്യത്തിന് സി.പി.എം പ്രവർത്തകർക്കിടയിൽ ലഭിച്ച സ്വീകാര്യത പാർട്ടി പ്രവർത്തകർക്കിടയിൽ ദൃശ്യമാണ്. വടക്കൻ ബംഗാളിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ കുറിച്ച് വിശദമായി സംസാരിച്ച മാധ്യമപ്രവർത്തകൻ അവിജിത് സിൻഹ പറഞ്ഞത് ആര് നിഷേധിച്ചാലും ഇത്തവണ സി.പി.എം വോട്ടർമാരുടെ നിലപാട് ഇതാണെന്നുതന്നെയാണ്. 'എക്കുഷെ രാം ഛബ്ബിസെ ബാം' എന്നത് സി.പി.എം പ്രവർത്തകർക്കിടയിൽ രുഢമൂലമായിക്കഴിഞ്ഞ മുദ്രാവാക്യമാണെന്നും ബി.ജെ.പിയെ കൊണ്ടുവന്ന് തൃണമൂലിനെ തകർക്കുക എന്നതാണ് അവർ ആഗ്രഹിക്കുന്നതെന്നും സിൻഹ പറഞ്ഞു. സിൻഹയുടെ വാക്കുകൾ പിന്നീട് നക്സൽബാരിയിൽ കണ്ട സി.പി.എം പ്രവർത്തകരും ശരിവെച്ചു.
സി.പി.എമ്മിൻെറ ലോക്കൽ കമ്മിറ്റിയുടെ പരിപാടി നടത്തിയതിന് തന്നെ തൃണമൂൽ പ്രവർത്തകർ നാലുവർഷം മുമ്പ് ആക്രമിച്ച സംഭവം വിവരിച്ച ഹകീം മുല്ല, ആരു ജയിച്ചാലും ഇവരെ തോൽപിക്കണെമന്ന് അന്ന് നിശ്ചയിച്ചുറപ്പിച്ചതാണെന്ന് തുടർന്നു.
അന്ന് ഞങ്ങളെ അടിച്ചോടിച്ച ശേഷം പിന്നീട് സി.പി.എമ്മിെൻറ പരിപാടി നടത്താൻ ഒരാളും ഇവിടെ ധൈര്യപ്പെട്ടില്ല. പ്രാദേശിക തൃണമൂൽ നേതാക്കളുടെ ഈ ഗുണ്ടായിസമാണ് കോൺഗ്രസുകാരനായ തന്നെ പോലുള്ളവർക്ക് ബി.ജെ.പി വന്നാലും മഹാസഖ്യത്തിന് വോട്ടു ചെയ്താൽ മതിയെന്ന് തോന്നാൻ കാരണമെന്നും ഗുഫ്റാനും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.