ശൂന്യമായ പ്രതിപക്ഷ ബെഞ്ച് സാക്ഷിയാക്കി രാജ്യസഭ പിരിഞ്ഞു
text_fieldsന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും കൊണ്ട് സംഭവബഹുലമായ വർഷകാല സമ്മേളനത്തിന് സമാപനമായെന്ന് രാജ്യസഭയിൽ ചെയർമാനു പകരം ഡെപ്യൂട്ടി ചെയർമാൻ പ്രഖ്യാപിക്കുമ്പോൾ പ്രതിപക്ഷത്തെ കസേരകൾ ശൂന്യമായിരുന്നു.
ചൊവ്വാഴ്ച പ്രതിപക്ഷ പ്രതിഷേധം കണ്ട് ഉറക്കമില്ലാത്ത രാത്രിയാണ് താൻ കഴിച്ചുകൂട്ടിയതെന്നു പറഞ്ഞ് വെങ്കയ്യ നായിഡു പ്രസ്താവന വായിക്കുന്നത് നിർത്തി വിതുമ്പി. പാർലമെൻറ് ജനാധിപത്യത്തിെൻറ ക്ഷേത്രമാണെന്നും സഭാനടുത്തളം ശ്രീകോവിലാണെന്നും പറഞ്ഞ നായിഡു ഇൗ വിശുദ്ധി നശിപ്പിക്കപ്പെട്ടതിൽ തീവ്രദുഃഖത്തിലാണെന്നു പറഞ്ഞു. ചിലർ മേശയിൽ കയറിനിന്നു. അത്തരം പ്രവർത്തനങ്ങൾ ദൈവനിന്ദയാണ്. തെൻറ വേദന പ്രകടിപ്പിക്കാനും ഇത്തരം പ്രവൃത്തി അപലപിക്കാനും വാക്കുകളില്ല. ഉറക്കമില്ലാത്ത രാത്രിയാണ് താൻ കഴിച്ചുകൂട്ടിയത്. സഭയെ ഇത്രയും താഴ്ന്ന നിലയിലേക്ക് കൊണ്ടുപോകാൻതക്ക പ്രകോപനം എന്തായിരുന്നുവെന്ന് നായിഡു ചോദിച്ചു. ചൊവ്വാഴ്ച കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കർഷക സമരവും വിവാദ കാർഷിക നിയമങ്ങളും ചർച്ചചെയ്യാൻ നൽകിയ നോട്ടീസ് തെറ്റായി വ്യാഖ്യാനിച്ച് കർഷക പ്രശ്നങ്ങൾ ചർച്ചചെയ്യാൻ സർക്കാർ തീരുമാനിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്.
പ്രതിപക്ഷം ആവശ്യപ്പെട്ടതിൽനിന്ന് ഭിന്നമായി സർക്കാറിന് അനുകൂലമായി നോട്ടീസ് വ്യാഖ്യാനിച്ചതിൽ പ്രതിഷേധിച്ച് നടുത്തളത്തിലിറങ്ങിയ സഞ്ജയ് സിങ് അടക്കമുള്ളവർ പിന്നീട് മേശപ്പുറത്തു കയറിനിന്ന് മുദ്രാവാക്യം വിളി തുടങ്ങി. സഭ നിർത്തിവെച്ചപ്പോൾ മേശപ്പുറത്ത് കയറിയ കോൺഗ്രസ് എം.പി പ്രതാപ് സിങ് ബജ്വ ശൂന്യമായ ചെയറിലേക്ക് റൂൾ ബുക്ക് എറിഞ്ഞു. ബിനോയ് വിശ്വം, വി. ശിവദാസൻ അടക്കമുള്ള അംഗങ്ങൾ മുദ്രാവാക്യം മുഴക്കി രാജ്യസഭയുടെ നടുത്തളത്തിലിറങ്ങുകയും മേശയിൽ കയറിയിരിക്കുകയുമായിരുന്നു. ബുധനാഴ്ച അധ്യക്ഷൻ അപലപന പ്രസ്താവന അവസാനിപ്പിച്ചതിനു പിറകെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പ്രതിഷേധം തുടർന്നു.
ചെയർമാൻ നിഷ്പക്ഷമാകുന്നതിന് പകരം സർക്കാറിനുേവണ്ടി സംസാരിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യം ഗൗനിക്കാതെ വിവാദ ഇൻഷുറൻസ് ഭേദഗതി ബിൽ പാസാക്കാൻ സർക്കാർ നടത്തിയ നീക്കം ബുധനാഴ്ചയും നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
ബിൽ പാസാക്കുന്നത് തടയാൻ പകർപ്പുകൾ കീറിയെറിഞ്ഞ് നടുത്തളത്തിലേക്ക് നീങ്ങാൻ ശ്രമിച്ചവരെ മാർഷലുകൾ വളഞ്ഞത് സംഘർഷത്തിനിടയാക്കി. തുടർന്ന് സഭ നിർത്തിവെച്ച് അരമണിക്കൂറിനകം വീണ്ടും ചേർന്നപ്പോൾ വനിത അംഗങ്ങളെ അപമാനിച്ച മാർഷലുകളുെട നടപടിയിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. പ്രതിപക്ഷമില്ലാത്ത സഭയിൽ ഹോമിയോപതി ബിൽ കൂടി പാസാക്കി വർഷകാല സമ്മേളനം അവസാനിപ്പിച്ച് രാജ്യസഭ പിരിയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.