'മുസ്‌ലിം സ്ത്രീകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം, ജീവിതം തകർക്കുന്നത് ആരാണെന്ന് പറയണം'; ബി.ജെ.പി പ്രവർത്തകരോട് ആഹ്വാനവുമായി മോദി
text_fieldsഭോപ്പാൽ: മുത്തലാഖിനെ വിമർശിച്ചും ഏക സിവിൽ കോഡിനെ ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുസ്‌ലിം സ്ത്രീകൾ തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെട്ട മോദി, ബി.ജെ.പി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് നിരോധന നിയമത്തെ എതിർക്കുന്നവർ മുസ്‌ലിം സ്ത്രീകൾക്കെതിരാണെന്നും പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലിൽ ബി.ജെ.പി ബൂത്ത്തല പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു മോദി.
പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും വർഷങ്ങൾ മുമ്പേ മുത്തലാഖ് നിയമത്താൽ നിരോധിച്ചിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഇസ്‌ലാമിലെ അവിഭാജ്യ നിയമമാണെങ്കിൽ എന്തുകൊണ്ട് പാകിസ്താൻ, ഇന്തൊനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ മുത്തലാഖ് നടപ്പാക്കുന്നില്ല -മോദി ചോദിച്ചു.
ഞാൻ പോകുന്നിടത്തെല്ലാം മുസ്‌ലിം സ്ത്രീകൾ വന്ന് മുത്തലാഖ് നിരോധിച്ചതിനുള്ള നന്ദി അറിയിക്കുകയാണ്. ബി.ജെ.പി പ്രവർത്തകർ മുസ്‌ലിം സ്ത്രീകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം, ആരാണ് അവരുടെ ജീവിതം നശിപ്പിക്കുന്നതെന്ന് പറയണം -മോദി ആഹ്വാനം ചെയ്തു.
സംഘ്പരിവാറിന്‍റെ പ്രഖ്യാപിത ലക്ഷ്യമായ ഏക സിവിൽ കോഡിനായും മോദി ശബ്ദമുയർത്തി. പലരും ഏക സിവിൽ കോഡിന്‍റെ പേരിൽ ആളുകളെ പലതിനും പ്രേരിപ്പിക്കുകയാണ്. ഒരു രാജ്യത്തിന് എങ്ങനെ രണ്ട് നിയമങ്ങളുമായി മുന്നോട്ടുപോകാനാകും? ഭരണഘടന എല്ലാ പൗരന്മാർക്കും തുല്യാവകാശമാണ് നൽകുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കാൻ സുപ്രീംകോടതിയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത് -മോദി പറഞ്ഞു.
ഒരു കുടുംബത്തിലെ വ്യത്യസ്ത അംഗങ്ങൾക്ക് വ്യത്യസ്ത നിയമങ്ങൾ ബാധകമാകുന്നത് എങ്ങനെയെന്ന് മോദി ചോദിച്ചു. ഇക്കാര്യം നമ്മൾ പഠിക്കണം. മുത്തലാഖിനെ പിന്തുണക്കുന്നവർ പ്രീണന രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. അവർ മുസ്‌ലിം പെൺകുട്ടികളോട് അനീതിയാണ് കാട്ടുന്നത്. മുത്തലാഖ് പെൺകുട്ടികളെ മാത്രമല്ല ബാധിക്കുന്നത്. വിവാഹം കഴിച്ചുനൽകിയ മകൾ 10 വർഷത്തിന് ശേഷം വീട്ടിലേക്ക് തിരിച്ചുവരുമ്പോൾ ആ കുടുംബത്തിന്‍റെ അവസ്ഥ കൂടി നോക്കൂ. മുത്തലാഖ് ഒരു കുടംബത്തെ തന്നെ നശിപ്പിക്കുകയാണ് -മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.