റഫാൽ എത്തി: ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവർ ഇനി ആശങ്കപ്പെടണം -രാജ്നാഥ്
text_fieldsന്യൂഡൽഹി: അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തിയതിന് പിന്നാലെ ചൈനക്ക് പരോക്ഷ മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. റഫാൽ വിമാനങ്ങളുടെ സാന്നിധ്യം ഏത് ഭീഷണി നേരിടുന്നതിനും ഇന്ത്യൻ വ്യോമസേനയെ പ്രാപ്തമാക്കിയതായി അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ സമഗ്രതയെ ഭീഷണിപ്പെടുത്തുന്നവർ ഇനി ആശങ്കപ്പെടേണ്ടിയിരിക്കുന്നുവെന്നും രാജ്നാഥ് പറഞ്ഞു.
ചൈനക്കുള്ള മുന്നറിയിപ്പായാണ് പ്രതിരോധ മന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നത്. ലഡാക്കിലെ അതിർത്തി തർക്കവും ഗൽവാൻ ഏറ്റുമുട്ടലും ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കിയ സാഹചര്യത്തിൽ റഫാൽ യുദ്ധ വിമാനങ്ങളുടെ സാന്നിധ്യം ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്നതാണ്. അതിർത്തിയിൽ സേനാ വിന്യാസം നടത്തുന്ന സാഹചര്യത്തിലേക്ക് വരെ ലഡാക്ക് സംഘർഷം വഴിതുറന്നിരുന്നു.
റഫാൽ വിമാനങ്ങളുടെ വരവോടെ ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചതെന്ന് രാജ്നാഥ് പറഞ്ഞു. ഇന്ത്യൻ വ്യോമസേനയെ അവ ഏറെ കരുത്തുറ്റതാക്കും.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ ശക്തിയിൽ ആർക്കെങ്കിലും ആശങ്കയുണ്ടാകുന്നുവെങ്കിൽ അത് ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാകും -അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച ഉച്ചയോടെയാണ് അംബാല എയർഫോഴ്സ് സ്റ്റേഷനിൽ ഫ്രാൻസിൽനിന്നുള്ള അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇറങ്ങിയത്. ഫ്രാൻസിൽ നിന്ന് പുറപ്പെട്ട റഫാൽ യുദ്ധവിമാനങ്ങൾ ഏതാണ്ട് 7000 കി.മീ പിന്നിട്ട ശേഷമാണ് ഇന്ത്യയിലെത്തുന്നത്. റഫാൽ വിമാനങ്ങൾ ഇന്ത്യൻ സേനയുടെ ഭാഗമാക്കുന്നതിന് മുന്നോടിയായി 12 പൈലറ്റുമാർ ഫ്രാൻസിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
''സ്വർണ്ണ അമ്പുകൾ'' (Golden Arrows) എന്ന് പേരിട്ടിരിക്കുന്ന, ഇന്ത്യൻ വ്യോമസേനയുടെ നമ്പർ 17 സ്ക്വാഡ്രണിന്‍റെ ഭാഗമായിരിക്കും റഫാൽ യുദ്ധവിമാനങ്ങൾ. അംബാല എയർബേസിന് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.