പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയുണ്ടാവുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്ന് രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയുണ്ടാവുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പുനൽകുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. പഹൽഗാമിലെ ഭീരുത്വ നടപടിയിൽ നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയാണ്. തീവ്രവാദത്തോട് സന്ധിയില്ലെന്ന ഇന്ത്യയുടെ നിലപാട് കശ്മീരിലും തുടരും.
ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് രാജ്യത്തെ ജനങ്ങളെ അറിയിക്കുന്നു. സർക്കാർ ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കും. ശക്തമായ തിരിച്ചടി കുറ്റവാളികൾക്ക് നൽകുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈകമീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാനൊരുങ്ങി ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം വിളിക്കാനും തീരുമാനമായി. അതിനിടെ, നയതന്ത്ര ബന്ധം വിച്ഛേദിക്കാനിടയുണ്ടെന്ന റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. സിന്ധു നദീതട കരാർ റദ്ദാക്കിയേക്കും. ഇസ്‍ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപുട്ടും.
കേന്ദ്ര മന്ത്രിസഭാ യോഗം ബുധനാഴ്ച വൈകീട്ട് ആറ് മണിക്ക് ദില്ലിയിൽ ചേരും. യോഗത്തിനു ശേഷമാണ് നയതന്ത്ര ബന്ധത്തിൽ അടക്കമുള്ള നിർണായക തീരുമാനം ഇന്ത്യ സ്വീകരിക്കുക.സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും മറ്റും കേന്ദ്രസർക്കാർ പ്രതിപക്ഷ നേതാക്കളോട് വിശദീകരിക്കും.
അതേസമയം, പഹൽഗാം ഭീകരാക്രമണത്തിൽ വിശദീകരണവുമായി പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്ക് പങ്കില്ലെന്നും എല്ലാ ഭീകരതയെയും തങ്ങൾ എതിർക്കുമെന്നുമാണ് പാകിസ്താൻ പറഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.