മതേതരത്വത്തിൽ വിശ്വസിക്കുന്നവർ നിശ്ശബ്ദരാകുന്നു -കപിൽ സിബൽ
text_fieldsന്യൂഡൽഹി: അടിച്ചമർത്തപ്പെട്ടവർ ശബ്ദം ഉയർത്തിയില്ലെങ്കിൽ അവരുടെ ആവശ്യങ്ങൾക്ക് ഭരണാധികാരികൾ ചെവികൊടുക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. ലോകത്ത് എവിടെയുമില്ലാത്ത കടന്നാക്രമണമാണ് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്നത്. വർഗീയതക്കെതിരെ ഉണർന്നെണീറ്റ് ശബ്ദമുയർത്തേണ്ട സമയമാണിത്. എന്നാൽ, മതേതരത്വത്തിൽ വിശ്വസിക്കുന്നവർ നിശ്ശബ്ദരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എം.സി.സി ഡൽഹി ഘടകം സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണത്തിലും ഇഫ്താർ സംഗമത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കപിൽ സിബൽ. രാജ്യം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോൾ സാഹോദര്യത്തിനുവേണ്ടി നിലകൊണ്ട ഹൈദരലി തങ്ങളെപ്പോലുള്ള നേതാവിനെയാണ് നാടിന് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സാമുദായിക സൗഹാർദത്തിനുവേണ്ടി എന്നും നിലകൊണ്ട വ്യക്തിത്വമാണ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് അനുസ്മരിച്ചു.
ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കേരളത്തിൽ സാമുദായിക ഐക്യം നിലനിർത്താൻ തങ്ങൾ കുടുംബം നടത്തിയ ശ്രമം വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം സ്ത്രീകൾ നേരിടുന്ന പിന്നാക്കാവസ്ഥ മറേണ്ടുതുണ്ടെന്ന് സി.പി.ഐ നേതാവ് ആനി രാജ പറഞ്ഞു. അവകാശങ്ങൾക്കുവേണ്ടി പോരാടുമ്പോൾ തന്നെ സംഘടനകളിലെ സ്ത്രീ സാന്നിധ്യമില്ലയ്മ ചൂണ്ടിക്കാട്ടിയ ആനി രാജ സ്ത്രീകളില്ലാതെ എന്ത് ജനാധിപത്യമാണുള്ളതെന്നും ചോദിച്ചു. ഐ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെ.എം ഷാജി എന്നിവർ സംസാരിച്ചു. കെ.എം.സി.സി ഡൽഹി പ്രസിഡന്‍റ് അഡ്വ. ഹാരിസ് ബീരാൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.