സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയപതാക പറത്താതിരുന്നവർ ഇന്ന് അതിനെ കുറിച്ച് പറയുന്നതിൽ വൈരുധ്യം -തുഷാർഗാന്ധി
text_fieldsകൊച്ചി: ദേശീയപതാക സമൂഹമാധ്യമത്തിൽ പ്രൊഫൈൽ ചിത്രമാക്കുന്നതാണ് രാജ്യസ്‌നേഹമെന്ന ചിന്ത പരിഹാസ്യമാണെന്ന് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി. രാജ്യസ്‌നേഹമെന്നത് പരസ്യകാമ്പയിനാക്കാനുള്ള സൂത്രവിദ്യയല്ല. രാജ്യത്തെ എല്ലാ ജനങ്ങളെയും സ്‌നേഹിക്കുമ്പോഴാണ് ദേശസ്നേഹിയാകുന്നത്. അതു തെളിയിക്കേണ്ടത് ദൈനംദിന ജീവിതത്തിലൂടെയാണ്.
രവീന്ദ്രനാഥ ടാഗോറിന്റെ കേരള സന്ദർശനത്തിന്റെ നൂറാം വാർഷികത്തിന്റെയും മഹാത്മാഗാന്ധിയുടെ സന്ദർശനത്തിന്റെ 95-ാം വാർഷികത്തിന്റെയും ഭാഗമായി മഹാരാജാസ് കോളജിലെ ചരിത്രവിഭാഗവും ആർക്കിയോളജി ആൻഡ് മെറ്റീരിയൽ കൾചർ സ്‌റ്റഡീസും ചേർന്ന് സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് രാജ്യസ്‌നേഹമെന്നത് മതാധിഷ്ഠിതമാകുന്നുണ്ട്. രാജ്യസ്‌നേഹത്തെ രാഷ്ട്രീയവത്കരിക്കാനും ആചാരവത്കരിക്കാനുമാണ് ചിലർ ശ്രമിക്കുന്നത്. വീട്ടിൽ ദേശീയപതാക പാറിച്ച് സമൂഹമാധ്യമ പ്രൊഫൈൽ ത്രിവർണമാക്കാത്തവർ ദേശദ്രോഹികളാണെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദേശീയപതാക പറത്താതിരുന്നവർ ഇന്ന് അതിനെ കുറിച്ച് പറയുന്നതിൽ വൈരുധ്യമുണ്ട്. ദേശീയപതാക എന്നത് ഒരു വികാരമാണ് -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.