രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച യെച്ചൂരിക്കെതിരെ വിമർശനവുമായി ബി.ജെ.പി
text_fieldsന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്കുള്ള ക്ഷണം സി.പി.എം നിരസിച്ചതിൽ പ്രതികരണവുമായി ബി.ജെ.പി. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയാണ് സി.പി.എമ്മിനെ വിമർശിച്ച് രംഗത്തെത്തിയത്. ക്ഷണക്കത്ത് എല്ലാവർക്കും നൽകും എന്നാൽ ശ്രീരാമൻ വിളിക്കുന്നവർ മാത്രമായിരിക്കും പരിപാടിക്കെത്തുകയെന്ന് മീനാക്ഷി ലേഖി എ.എൻ.ഐയോട് പറഞ്ഞു.
മതവിശ്വാസത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്കുള്ള ക്ഷണം സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നിരസിച്ചത്. ഇതിന് പിന്നാലെയാണ് മീനാക്ഷി ലേഖിയുടെ പ്രതികരണം പുറത്ത് വന്നത്. വി.എച്ച്.പി നേതാവിനൊപ്പമെത്തിയാണ് രാമക്ഷേത്രം നിർമാണ കമ്മിറ്റി ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര തന്നെ ക്ഷണിച്ചതെന്നും യെച്ചൂരി പറഞ്ഞിരുന്നു.
മതം എല്ലാവരുടേയും വ്യക്തിപരമായ തെരഞ്ഞെടുപ്പാണ് . എത് തരത്തിലുള്ള വിശ്വാസവും തെരഞ്ഞെടുക്കാനുള്ള ഒരാളുടെ അവകാശത്തെ ഞങ്ങൾ ബഹുമാനിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യൻ ഭരണഘടനയും സുപ്രീംകോടതിയും ഭരണകൂടം എതെങ്കിലും പ്രത്യേക മതം സ്വീകരിക്കുകയോ അതിന്റെ പ്രചാരകരാവുകയോ ചെയ്യരുതെന്ന് കൃത്യമായി പറയുന്നുണ്ട്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങ് ഭരണകൂടം സ്പോൺസർ ചെയ്യുന്ന പരിപാടിയായി മാറിയിട്ടുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പടെ ഭരണഘടന പദവി വഹിക്കുന്നവരെല്ലാം ചടങ്ങിൽ പങ്കെടുക്കുന്നുണ്ടെന്ന് യെച്ചൂരി പറഞ്ഞു.
മതത്തെ രാഷ്ട്രീവൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനാൽ താൻ പ്രതിഷ്ഠദിന ചടങ്ങിലേക്ക് എത്തില്ലെന്നും യെച്ചൂരി പറഞ്ഞിരുന്നു. മതത്തെ രാഷ്ട്രീവൽക്കരിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അതിനാൽ പരിപാടിക്കെത്തില്ലെന്നും സി.പി.എം നേതാവ് ബൃന്ദകാരാട്ടും വ്യക്തമാക്കിയിരുന്നു.
അതേസമയം, സി.പി.എം നിലപാടിനെതിരെ വിശ്വഹിന്ദുപരിഷതും രംഗത്തെത്തി. സീതാറാം എന്ന് പേരുള്ളയാൾ അയോധ്യയിലേക്ക് വരുന്നില്ലെന്നായിരുന്നു വി.എച്ച്.പി വക്താവ് വിനോദ് ബൻസാലിന്റെ പ്രതികരണം. ഹിന്ദുക്കളേയും ഹിന്ദുത്വയേയും ഹിന്ദുമൂല്യങ്ങളേയും അപമാനിക്കുന്നത് ഇവരുടെ ഡി.എൻ.എയുടെ ഭാഗമാണ്. ബാബർ പോയിട്ടും ബാബറിന്റെ മക്കളാണെന്ന രീതിയിലാണ് സി.പി.എമ്മിന്റെ പെരുമാറ്റമെന്നും വി.എച്ച്.പി വക്താവ് വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.