'ഗോഡ്സയെ മഹത്വവത്കരിക്കുന്നവർ വിദേശികളെ ക്ഷണിക്കുന്നത് ഗാന്ധിജിയുടെ ആശ്രമത്തിലേക്ക്'; ബി.ജെ.പിക്കെതിരെ ശിവസേന
text_fieldsമുംബൈ: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന മുഖപത്രം 'സാമ്ന'. ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ പാർട്ടി മഹത്വവത്കരിക്കുകയാണ്, എന്നാൽ ഇന്ത്യൻ പര്യടനത്തിന് വരുന്ന വിദേശ പ്രമുഖരെ ഗാന്ധിജിയുടെ സബർമതി ആശ്രമത്തിലേക്കാണ് കൊണ്ടുപോകുന്നതെന്ന് സാമ്നയുടെ എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
'ബി.ജെ.പി നാഥുറാം ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പിന്തുണയ്ക്കുന്നത് അതിശയകരമാണ്. എന്നാൽ വിദേശ അതിഥികൾ വരുമ്പോൾ അവരെ ഗാന്ധിയുടെ സബർമതി ആശ്രമത്തിലേക്ക് നൂൽ നെയ്യാൻ കൊണ്ടുപോകുന്നു' -എഡിറ്റോറിയയിൽ പറയുന്നു.
'ഗുജറാത്തിൽ ഉരുക്കുമനുഷ്യൻ സർദാർ പട്ടേലിന്റെ മഹത്തായ പ്രതിമ ബി.ജെ.പി സർക്കാർ നിർമിച്ചിട്ടും യു.കെ പ്രധാനമന്ത്രി ബോറിസ് ജോൺസനെയും മറ്റ് വിദേശ അതിഥികളെയും അവിടേക്ക് കൊണ്ടുപോകുന്നില്ല. കാരണം ഗാന്ധിജി ആഗോളതലത്തിൽ ഇന്ത്യയുടെ വ്യക്തിത്വമായി തുടരുന്നു' -സാമ്‌ന എഡിറ്റോറിയൽ കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വർഗീയ കലാപങ്ങളിലും ബി.ജെ.പിയെ ശിവസേന പത്രം രൂക്ഷമായി വിമർശിച്ചു. 'ജോൺസൺ ഇന്ത്യയിൽ വന്ന സമയത്ത് ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ രാജ്യത്തുടനീളം വർഗീയ സംഘർഷത്തിന്റെ അന്തരീക്ഷമുണ്ടായിരുന്നു. രാജ്യം സ്വാതന്ത്ര്യം നേടിയ കാലത്തും മതവിദ്വേഷത്തിന്റെയും അക്രമത്തിന്റെയും അന്തരീക്ഷമായിരുന്നു. വർഷങ്ങൾക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെ അതേ അന്തരീക്ഷത്തിന് സാക്ഷ്യം വഹിക്കുന്നു. ബ്രിട്ടീഷുകാർ രാജ്യം വിട്ട അതേ അവസ്ഥയിലാണ് ജോൺസൺ ഇന്ത്യയെ കണ്ടത്' - എഡിറ്റോറിയൽ കുറ്റപ്പെടുത്തി.
ഏപ്രിൽ 21നാണ് ബോറിസ് ജോൺസൺ ഇന്ത്യാ സന്ദർശനത്തിനെത്തിയത്. ഗുജറാത്തിലെ സബർമതി ആശ്രമവും അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിച്ചു. വ്യവസായി ഗൗതം അദാനിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
സബർമതി ആശ്രമം സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ജോൺസൺ. ഇവിടെയെത്തി ഇദ്ദേഹം ചർക്കയിൽ നൂൽ നൂൽക്കാൻ ശ്രമം നടത്തിയിരുന്നു. മഹാത്മാ ഗാന്ധി താമസിച്ചിരുന്ന ഹൃദയ് കുഞ്ചിലെ ചർക്കയിലാണ് നൂൽ നൂൽക്കാൻ ശ്രമിച്ചത്. മൂന്നുതവണ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ആശ്രമം സന്ദർശിച്ച അദ്ദേഹം സന്ദര്‍ശക പുസ്തകത്തില്‍ ഇങ്ങനെ കുറിച്ചു: '' ലോകത്തെ മികച്ചതാക്കാന്‍ സത്യത്തിന്റെയും അഹിംസയുടെയും ലളിതമായ തത്ത്വങ്ങള്‍ സമാഹരിച്ച അസാധാരണനായ മനുഷ്യന്റെ ആശ്രമത്തില്‍ വരാന്‍ കഴിഞ്ഞത് മഹത്തായ ഭാഗ്യം'.
ചർക്കയുടെ പകർപ്പും രണ്ട് പുസ്തകങ്ങളും അദ്ദേഹത്തിന് സബർമതി ആശ്രമം പ്രിസർവേഷൻ ആൻഡ് മെമ്മോറിയൽ ട്രസ്റ്റ് സമ്മാനിച്ചിരുന്നു. ലണ്ടനിൽ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള ഗാന്ധിയുടെ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പ്രസിദ്ധീകരിക്കാത്ത പുസ്തകമായ 'ഗൈഡ് ടു ലണ്ടൻ' ആണ് പുസ്തകങ്ങളിലൊന്ന്. ഗാന്ധിയുടെ ബ്രിട്ടനിലെ അനുയായിയായ മീരാബെന്നിന്റെ (മഡലീൻ സ്ലേഡ്) ആത്മകഥയായ 'ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്' ആണ് മറ്റൊരു പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.