പാക്കറ്റ് പാൽ കുടിക്കുന്നവർക്ക് സ്വർണം ലഭിക്കില്ല; നാടൻ പാലിൽ സ്വർണമുണ്ടെന്ന് ആവർത്തിച്ച് ബംഗാൾ ബി.ജെ.പി അധ്യക്ഷൻ
text_fieldsകൊൽക്കത്ത: നാടൻ പശുക്കളുടെ പാലിൽ സ്വർണമുണ്ടെന്ന അവകാശ വാദവുമായി പശ്ചിമബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് വീണ്ടും രംഗത്ത്. പാക്കറ്റ് പാൽ കുടിക്കുന്നവർക്ക് നാടൻ പശുവിൻ പാലിലുള്ള സ്വർണത്തിന്‍റെ ഗുണം ലഭിക്കില്ലെന്നായിരുന്നു പ്രതികരണം.
കൊൽക്കത്തയിൽ കന്നുകാലി വളർത്തൽ വ്യാപകമല്ല. പശുവിനെ വീട്ടിൽ വളർത്തുന്നതിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങൾക്ക് മനസിലാകുന്നില്ല. ഇന്ന് എല്ലാവരും പാക്കറ്റ് പാൽ വാങ്ങി ഉപയോഗിക്കുന്നു. അത് യഥാർഥ പാൽ അല്ല -ബി.ജെ.പിയുടെ കർഷക വിങ് യോഗത്തിൽ ദിലീപ് ഘോഷ് പറഞ്ഞു. കന്നുകാലി വളർത്തലിനെ പ്രോത്സാഹിപ്പിക്കാതെ എല്ലാവരും മറ്റുള്ള കൃഷിയിലേക്ക് തിരിയുന്നതെന്താണെന്നും ഘോഷ് ചോദിച്ചു.
'പശുവിൻ പാലിൽ സ്വർണമുണ്ടെന്ന് ഞാൻ നേരത്തേ പറഞ്ഞിരുന്നു. അന്ന് എല്ലാവരും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്തു. എന്നാൽ, ജനങ്ങൾ യഥാർഥ പാൽ കുടിക്കുന്നില്ല, പാക്കറ്റ് പാൽ മാത്രമാണ് കുടിക്കുന്നത്. അതിൽനിന്ന് സ്വർണം ലഭിക്കുമോ?. ബംഗാളിലെ ജനങ്ങൾ പശുവിൻ പാൽ കുടിക്കുന്നത് നിർത്തി. അവർക്ക് പാൽ ചായയാണ് ഇഷ്ടം' -ദിലീപ് ഘോഷ് കുറ്റപ്പെടുത്തി.
അതേമസമയം, ദിലീപിന്‍റെ പ്രസ്താവന ആരോഗ്യ വിദഗ്ധർ നിഷേധിച്ചു. പാലിൽ സ്വർണത്തിന്‍റെ അംശമുണ്ടെന്ന് എവിടെയും പരീക്ഷണത്തിൽ തെളിഞ്ഞിട്ടില്ലെന്ന് അവർ വാദിച്ചു. എന്നാൽ ഇതിന് മറുപടിയുമായി സ്വർണം എന്ന പരാമർശം ആലങ്കാരികമായി ഉപേയാഗിച്ചതാണെന്നായിരുന്നു ദിലീപ് ഘോഷിന്‍റെ പ്രതികരണം. 'കർഷകർക്ക് അവരുടെ വിളകൾക്ക് ഉയർന്ന വില ലഭിക്കാറില്ല. അതിനാൽ കാലി വളർത്തലിൽ ശ്രദ്ധകേന്ദ്രീകരിച്ചാൽ മികച്ച വരുമാനം നേടാനാകും. അതിനെയാണ് താൻ സ്വർണമെന്ന് ഉദ്ദേശിച്ചത്' -ദിലീപ് ഘോഷ് വിശദീകരിച്ചു.
പാലിന്‍റെ പോഷക മൂല്യം സ്വർണത്തേക്കാൾ കുറവല്ല. വിമർശിക്കുന്നവർ പറയുന്നതിനെ ഞാൻ കാര്യമായെടുക്കാറില്ല. പശുവിന്‍റെ പാൽ ഉപയോഗിക്കാത്തവർക്ക് അതിൽ സ്വർണമാണോ വെള്ളിയാണോ എന്ന് മനസിലാക്കാൻ കഴിയില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.
നേരത്തേ, പശുവിൽ പാലിൽ സ്വർണമുണ്ടെന്ന ദിലീപ് ഘോഷിന്‍റെ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. നാടൻ പശുക്കളുടെ പാലിൽ സ്വർണം കലർന്നിട്ടുണ്ടെന്നും അതിനാലാണ് പാലിന് മഞ്ഞനിറമെന്നുമായിരുന്നു പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.