ഒരു ഭാഷയെയും ഒരു മതത്തെയും അടിച്ചേൽപ്പിക്കുന്നവർ ഐക്യം തകർക്കാൻ ശ്രമിക്കുന്നു -സ്റ്റാലിൻ
text_fieldsചെന്നൈ: ഒരു ഭാഷയെയും ഒരു മതത്തെയും ഒരു സംസ്കാരത്തെയും അടിച്ചേൽപ്പിക്കുന്നവർ ഇന്ത്യയുടെ ഐക്യത്തിന്റെ ശത്രുക്കളാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്വകാര്യ ചാനൽ സംഘടിപ്പിച്ച സെമിനാറിൽ വിഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഒരു ഭാഷ, ഒരു മതം, ഒരു സംസ്‌കാരം ഇന്ത്യയിൽ സാധ്യമല്ല. ഇന്ത്യക്ക് ഒരു ദേശീയ ഭാഷയും സാധ്യമല്ല, കാരണം ഇന്ത്യയില്‍ നിരവധി ഭാഷകളുണ്ട്. ഒരു ഭാഷയെയും ഒരു മതത്തെയും പ്രോത്സാഹിപ്പിക്കുന്നവർ നമ്മുടെ ഐക്യം തകർക്കാൻ ശ്രമിക്കുകയാണ്, അവർ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും ശത്രുക്കളാണ്'' അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഒരു മതം എന്നത് അംഗീകരിക്കാനാവാത്തതു പോലെ ഒരു ഭാഷ എന്നതും അംഗീകരിക്കാനാവില്ല.
വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകൾക്ക് ഐക്യത്തോടെ ജീവിക്കാൻ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ ഉണ്ടാക്കിയത് മുൻ പ്രധാനമന്ത്രി നെഹ്‌റുവാണ്. ഹിന്ദി ഒരിക്കലും അടിച്ചേൽപ്പിക്കില്ലെന്ന് അദ്ദേഹം അന്ന് ഉറപ്പുനൽകിയിരുന്നു. പാർലമെന്ററി ജനാധിപത്യത്തിനും നെഹ്‌റു പ്രാധാന്യം നൽകി. എന്നാൽ ഇപ്പോൾ 27 പ്രതിപക്ഷ എം.പിമാരെ പാർലമെന്റിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. പാർലമെന്റിൽ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്നു.ഇന്ത്യക്ക് അഭിവൃദ്ധിയുണ്ടാകാനുള്ള ഏക മാർഗം ശക്തമായ സ്വയംഭരണ സംസ്ഥാനങ്ങളാണ്. മാധ്യമപ്രവർത്തകരുടെ അറസ്റ്റ് നടക്കുന്നത് സ്വേച്ഛാധിപത്യ സ്വഭാവമാണ്. കേന്ദ്ര ഏജൻസികൾ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിടുകയാണെന്നും സ്റ്റാലിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.