പൗരത്വനിയമം ബി.ജെ.പിയുടെ വർഗീയതയെന്ന് പറയുന്നവർ പാകിസ്ഥാനിലെ ഹിന്ദു ജനസംഖ്യയിലെ കുറവ് അറിയണം - രാജ്നാഥ് സിങ്
text_fieldsന്യൂഡൽഹി: 2027ഓടെ ലോകരാജ്യങ്ങളിൽ സമ്പദ്ഘടനയിൽ മൂന്നാം സ്ഥാനത്തെത്താനിരിക്കുന്ന ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പൗരത്വ നിയമം നടപ്പിലാക്കിയത് ബി.ജെ.പിയുടെ വർഗീയതയായി കണക്കാക്കിയവർ പാകിസ്ഥാനിൽ 23 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യ മൂന്നായി ചുരുങ്ങിയതിനെ കുറിച്ച് അറിയണമെന്നും അദ്ദേഹം പറഞ്ഞു.
ജാർഖണ്ഡിലെ ഇത്ഖോരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“അയോധ്യാ ക്ഷേത്രത്തിൻ്റെ പ്രതിഷ്ഠയോടെ ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കപ്പെടും. രാം ലല്ല തൻ്റെ കുടിലിൽ നിന്ന് കൊട്ടാരത്തിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളുടെ പിൻബലത്തിൽ ഇന്ത്യ വിശ്വഗുരുവാകും. മോദി മൂന്നാം തവണ മാത്രമല്ല, നാലാം തവണയും പ്രധാനമന്ത്രിയായി തുടരണമെന്നാണ് ദൈവത്തിൻ്റെ ആഗ്രഹം,“ സിങ് പറഞ്ഞു.
അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ ഹിന്ദുക്കളും സിഖുകാരും ക്രിസ്ത്യാനികളും പാഴ്സികളും ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ മതപരമായ പീഡനം നേരിടുന്നുണ്ടെന്നും അഭയത്തിനായി ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും അവർക്ക് പൗരത്വം നൽകാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.