'എതിരാളി മുസ്ലിമാണെങ്കിൽ ദാവൂദുമായി ബന്ധം ആരോപിക്കുന്നത് ബി.ജെ.പിയുടെ പതിവ്'; നവാബ് മാലികിനെതിരായ നടപടിയിൽ പ്രതിഷേധവുമായി ശരദ് പവാർ
text_fieldsമുംബൈ: മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും, മുതിർന്ന എൻ.സി.പി നേതാവുമായ നവാബ് മാലിക്കിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി നേതാക്കൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിച്ചു.
സത്യം പറയുന്നവരെല്ലാം പീഡിപ്പിക്കപ്പെടുകയാണെന്ന് എൻ.സി.പി ദേശീയ അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. എതിരാളി മുസ്ലിമാണെങ്കിൽ ദാവൂദ് ഇബ്രാഹിമുമായി ബന്ധം ആരോപിക്കുന്നത് ബി.ജെ.പിയുടെ പതിവാണെന്നും ശരദ് പവാർ പറഞ്ഞു. 'ഇത് പുതുമയുള്ള കാര്യമല്ല, നവാബ് മാലിക്ക് എപ്പോഴും അദ്ദേഹത്തിന്‍റെ നിലപാട് തുറന്ന് പറയുന്നതിനാൽ അദ്ദേഹത്തിനെതിരെ ഇത്തരമൊരു നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബി.ജെ.പി സർക്കാരിനെതിരെയും അന്വേഷണ ഏജൻസികൾക്കെതിരെയും പരസ്യ പ്രതികരണത്തിന് മുതിരുന്നവർ പീഡിപ്പിക്കപ്പെടുകയാണ്' -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്നപ്പോൾ എന്നെയും ഇത്തരത്തിൽ ലക്ഷ്യമിട്ടിരുന്നതായും, ഇത് നിലപാട് തുറന്ന് പറയുന്നവരെ അപകീർത്തിപ്പെടുത്താനുള്ള ശ്രമവും, അധികാര ദുർവിനിയോഗവുമാണെന്ന് പവാർ കൂട്ടിച്ചേർത്തു.
20 വർഷം പഴക്കമുള്ള ഒരു കേസ് നവാബ് മാലിക്കിനെ മാത്രം ലക്ഷ്യം വെച്ച് കൊണ്ടുവന്നതാണെന്നും, അവർ എന്ത് തന്നെ ചെയ്താലും, ഇതെല്ലാം 2024 വരെ മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും ശിവസേന മുഖ്യ വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു.
നിലവിലെ ബി.ജെ.പി ഭരണത്തിൽ നമ്മുടെ ജനാധിപത്യം ഭീഷണിയിലാണെന്നും, ബി.ജെ.പിക്കെതിരായ നിലപാട് തുറന്ന് പറയുന്നതിൽ നവാബ് മാലിക്ക് മുൻപന്തിയിലായിരുന്നതിനാലാണ് അദ്ദേഹത്തെ കേന്ദ്രം ലക്ഷ്യമിടുന്നതെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി നാനാ പടോലെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.