'അവർ ഉറങ്ങുകയായിരുന്നു'; അമ്മയുടെയും സഹോദരന്‍റെയും മൃതദേഹത്തിനൊപ്പം മധ്യവയസ്ക കഴിഞ്ഞത് രണ്ടുദിവസത്തോളം
text_fieldsബംഗളൂരു: അമ്മയുടെയും സഹോദരന്‍റെയും മൃതദേഹത്തിനൊപ്പം മധ്യവയസ്ക കഴിഞ്ഞത് രണ്ടുദിവസത്തോളം. ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലാണ് സംഭവം.
കുടുംബത്തിന്‍റെ വീടിനോട് ചേർന്ന് വാടകക്ക് താമസിച്ചിരുന്ന പ്രവീൺ വീട്ടുടമസ്ഥന്റെ വീട്ടിൽനിന്ന് ദുർഗന്ധം പുറത്തുവരുന്നുവെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്.
വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ അഴുകിയ നിലയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. മധ്യവയസ്കന്റെ മൃതദേഹം ലിവിങ് റൂമിൽ ജനലിനോട് ചേർന്നും വയോധികയുടെ മൃതദേഹം കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്.
വീട്ടിനുള്ളിൽ 47കാരിയായ ശ്രീലക്ഷ്മിയേയും പൊലീസ് കണ്ടെത്തി. അമ്മയുടെയും സഹോദരന്‍റെയും മൃതദേഹത്തിനൊപ്പമായിരുന്നു ഇവരുടെ താമസം. ശ്രീലക്ഷ്മിയുടെ മാനസിക നില തകരാറിലായിരുന്നതായി പൊലീസ് പറഞ്ഞു. സഹോദരനും മാതാവും മരിച്ച വിവരം ശ്രീലക്ഷിക്ക് മനസിലാക്കാൻ സാധിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
രണ്ടു മൃതദേഹങ്ങളും വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹരീഷ് ആണ് മരിച്ച സഹോദരൻ. ഏപ്രിൽ 22ന് ഹരീഷിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം.
മാതാവിന് അസുഖം ബാധിച്ചിരുന്നുവെന്ന വിവരം ശ്രീലക്ഷ്മിക്ക് അറിയാമായിരുന്നു. സഹോദരൻ ആംബുലൻസ് വിളിച്ചിരുന്നെങ്കിലും എത്തിയില്ലെന്നും ശ്രീലക്ഷ്മി പൊലീസിനോട് പറഞ്ഞു.
രണ്ടു ദിവസമായി ശ്രീലക്ഷ്മി ഭക്ഷണം കഴിച്ചിരുന്നില്ല. അമ്മയും സഹോദരനും ഉറങ്ങുകയായിരുന്നുവെന്നാണ് ശ്രീലക്ഷ്മി കരുതിയിരുന്നത്. അതിനാൽ തന്നെ ഇരുവരും ഭക്ഷണം പാകം ചെയ്യാൻ എഴുന്നേൽക്കുമെന്ന് ശ്രീലക്ഷ്മി കരുതിയിരുന്നതായും പൊലീസ് പറഞ്ഞു.
പൊലീസ് നടത്തിയ പരിശോധനയിൽ ഹരീഷ് ആംബുലൻസിനായി നിരവധി തവണ 108ലേക്ക് വിളിച്ചതായി പൊലീസ് കണ്ടെത്തി. കോവിഡ് മരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.