മ്യാൻമറിൽ വിമതരുമായുള്ള ഏറ്റുമുട്ടൽ രൂക്ഷം; ഇന്ത്യയിലേക്ക് അഭയാർഥി ഒഴുക്ക് വർധിച്ചു
text_fieldsഗുവാഹത്തി: മ്യാൻമറിൽ സൈന്യവും ജനാധിപത്യ അനുകൂല പ്രക്ഷോഭകരുടെ സായുധ വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമായതോടെ ഇന്ത്യയിലേക്കുള്ള അഭയാർഥി ഒഴുക്ക് വർധിച്ചതായി റിപ്പോർട്ട്. മിസോറമിലെ ചമ്പായ് ജില്ലയിലെ സോഖാതറിലെ രണ്ട് ഗ്രാമങ്ങളിലായി അയ്യായിരത്തോളം മ്യാൻമർ പൗരന്മാരാണ് കുടിൽകെട്ടി കഴിയുന്നത്. 160 കുടുംബങ്ങളാണ് സോഖാതർ മേഖലയിലെ ലിപുയിൽ മാത്രമുള്ളത്.
മിസോറം ജില്ല ഭരണകൂടവും സർക്കാരിതര സന്നദ്ധ സംഘടനകളും ദ് യങ് മിസോ അസോസിയേഷനും വില്ലേജ് കൗൺസിലുമാണ് അഭയാർഥികൾക്ക് ഭക്ഷണവും വെള്ളവും വസ്ത്രങ്ങളും മരുന്നുകളും നൽകുന്നത്. സോഖാതറിൽ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് താൽകാലിക കുടിലുകൾ നിർമിച്ചിട്ടുള്ള അഞ്ചോളം അഭയാർഥി ക്യാമ്പുകളാണ് ഉള്ളത്.
അതേസമയം, ഇന്ത്യ-മ്യാൻമർ അതിർത്തിയിലുള്ള ജനാധിപത്യ അനുകൂല പ്രക്ഷോഭകരുടെ സായുധ വിഭാഗമായ പീപ്പിൾസ് ഡിഫൻസ് ഫോഴ്സിന് (പി.ഡി.എഫ്) നേരെ മ്യാൻമർ സൈന്യം വ്യോമാക്രമണം ശക്തിമാക്കിയിട്ടുണ്ട്. പി.ഡി.എഫ് അംഗങ്ങൾ ആക്രമണം നടത്തി മ്യാൻമറിന്‍റെ രണ്ട് സൈനിക പോസ്റ്റുകൾക്ക് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ 20 സിവിലിയന്മാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ എട്ടു പേരെ വിദഗ്ധ ചികിത്സക്കായി അസ്വാളിലേക്ക് മാറ്റി. അഭയാർഥികളായി എത്തിയ 39 മ്യാൻമർ സൈനികർ മിസോറം പൊലീസ് മുമ്പാകെ കീഴടങ്ങി. ഇതോടെ, കീഴടങ്ങിയ സൈനികരുടെ എണ്ണം 42 ആയി.
2021 മുതൽ മിസോറമിലേക്ക് അഭയാർഥി ഒഴുക്കുണ്ട്. ഇന്ത്യ മ്യാൻമറുമായി അതിർത്തി പങ്കിടുന്ന ജില്ലയാണ് മിസോറമിലെ ചമ്പായ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.