ബിർഭും ആക്രമണം: ജീവനോടെ കത്തിക്കുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ സ്ത്രീകളും കുട്ടികളുമുൾപ്പടെ എട്ട് പേരെ ജീവനോടെ ചുട്ടുകൊല്ലുന്നതിന് മുമ്പ് ക്രൂരമായി മർദ്ദിച്ചിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. വീടുകളിൽ നിന്നും കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹങ്ങളിൽ നടത്തിയ പരിശോധനയിൽ ജീവനോടെ കത്തിക്കുന്നതിന് മുമ്പ് ഇരകളെ ക്രൂരമായി മർദ്ദിച്ചതായി കണ്ടെത്തിയെന്ന് ഫോറെൻസിക് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അക്രമത്തിൽ ഇതുവരെ 20 പേരെ പിടികൂടിയിട്ടുണ്ട്.
സംഭവസ്ഥലം ഇന്ന് സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചതിനെ തുടർന്ന് രാംപുർഹട്ടിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുന്ന ഹെലിപാഡിന് ചുറ്റും സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രാംപുർഹട്ടിൽ സന്ദർശനം നടത്തുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി ഡി.ജി.പി മനോജ് മാളവ്യ ഉൾപ്പടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശേഷം ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിക്കുമെന്നും അധികൃതർ അറിയിച്ചു.
കൊലപാതകങ്ങളെ നികൃഷ്ടമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അക്രമത്തിന് കൂട്ടുനിന്നവരോട് ക്ഷമിക്കരുതെന്ന് ബംഗാളിലെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മമത ബാനർജി ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.