വിമാനങ്ങൾക്ക് ഭീഷണി: ആളെ തിരിച്ചറിഞ്ഞെന്ന് നാഗ്പുർ പൊലീസ്
text_fieldsമുംബൈ: വിമാനങ്ങൾക്ക് നിരന്തരം വ്യാജ ബോംമ്പ് ഭീഷണി സന്ദേശമയച്ച ആളെ തിരിച്ചറിഞ്ഞതായി നാഗ്പുർ പൊലീസ്. ഗോണ്ഡിയ നിവാസി ജഗദീഷ് ഉയ്കേയ് (35) ആണ് ഭീഷണി സന്ദേശങ്ങൾക്കു പിന്നിലെന്നാണ് ഡെപ്യൂട്ടി കമീഷണർ ശ്വേത ഖേദ്കറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. തിരിച്ചറിഞ്ഞതോടെ ജഗദീഷ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ നേരത്തെ ഭീകരവാദത്തെ കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. 2021ൽ മറ്റൊരു കേസിൽ അറസ്റ്റിലാകുകയും ചെയ്തിരുന്നു.
ഭീകരവാദ ‘കോഡുകളെ’ കുറിച്ച കണ്ടെത്തലുകൾ പങ്കുവെക്കാൻ നേരിട്ട് അവസരം നൽകിയിട്ടില്ലെങ്കിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നാഗ്പുരിലെ വീടിനു മുന്നിൽ പ്രതിഷേധിക്കുമെന്ന് ഇയാൾ സന്ദേശമയച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം സുരക്ഷ ശക്തമാക്കിയിരുന്നു. പ്രധാനമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി, റെയിൽവേ മന്ത്രി, ഡി.ജി.പി, വിമാനക്കമ്പനികൾ, ആർ.പി.എഫ് തുടങ്ങിയവർക്കാണ് ജഗദീഷ് ഭീഷണി സന്ദേശമയച്ചത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ, 410 ഓളം ആഭ്യന്തര, രാജ്യാന്തര സർവിസുകൾ നടത്തുന്ന ഇന്ത്യൻ വിമാനങ്ങളെയാണ് വ്യാജ ഭീഷണി ബാധിച്ചത്. വിമാനങ്ങൾ തിരിച്ചിറക്കുകയോ വഴിമാറ്റിവിടുകയോ മണിക്കൂറുകൾ വൈകി സമയക്രമം മാറ്റുകയോ ചെയ്യേണ്ടിവന്നു. വിമാനത്താവളങ്ങളിലെ സുരക്ഷയും വർധിപ്പിച്ചു. ജഗദീഷിനെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായി നാഗ്പുർ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.