അംബാനിക്കു ഭീഷണി; പരംബീറിനു പിന്നാലെ ഏറ്റുമുട്ടൽ വിദഗ്ദൻ പ്രദീപ് ശർമയെയും ചോദ്യം ചെയ്യുന്നു
text_fieldsമുംബൈ: അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെ അറസ്റ്റിലായ അംബാനി ഭീഷണി, മൻസുഖ് ഹിരേൻ കേസുകളിൽ മുൻ മുംബൈ പൊലീസ് കമിഷണർ പരംബീർ സിങ്ങിനെയും 'ഏറ്റുമുട്ടൽ വിദഗ്ദനും' മുൻ സീനിയർ ഇൻസ്പെക്ടറുമായ പ്രദീപ് ശർമയെയും എൻ.െഎ.എ ചോദ്യം ചെയ്യുന്നു. ഇരുവരെയും എൻ.െഎ.എ കാര്യാലയത്തിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യൽ. രാവിലെ 9.30 ന് ഹാജറായ പരംബീറിനെ നാല് മണിക്കൂർ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. കേസിൽ അറസ്റ്റിലായ മുൻ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെ പരംബീർ സിങ്ങിന്‍റെയും പ്രദീപ് ശർമയുടെയും വിശ്വസ്തനാണ്.
പ്രദീപ് ശർമ മേധാവിയായിരിക്കെ ആൻറി എക്സ്റ്റോർഷൻ സെല്ലിൽ സച്ചിൻ വാസെയുമുണ്ടായിരുന്നു. 300 ലേറെ ഏറ്റുമുട്ടൽ കൊലകൾക്ക് പ്രദീപ് ശർമ നേതൃത്വം നൽകി. ഇതിൽ 63 എണ്ണത്തിൽ സച്ചിൻ വാസെയും ഭാഗമായിരുന്നു. ഘാട്കൂപ്പർ സ്ഫോടന കേസിൽ അറസ്റ്റിലായ ഖ്വാജ യൂനുസിന്‍റെ കസ്റ്റഡി മരണ കേസിൽ അറസ്റ്റിലായി സച്ചിൻ വാസെയും അധോലോക നേതാവ് ലഗൻ ബയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയായി പ്രദീപ് ശർമയും സസ്പെൻഷനിലായിരുന്നു. ഇരുവരെയും സർവീസിൽ തിരിച്ചുകൊണ്ടു വന്നത് പരംബീർ സിങ്ങ് അധ്യക്ഷനായ സമിതിയാണെന്നാണ് ആരോപണം. 2019 ൽ രാജിവെച്ച് പ്രദീപ് ശർമ ശിവസേന ടിക്കറ്റിൽ നല്ലസൊപാര നിയമസഭ മണ്ഡലത്തിൽ മത്സരിച്ചപ്പോൾ പ്രചാരണത്തിന് ചുക്കാൻ പിടിച്ചത് സച്ചിനായിരുന്നു.
കഴിഞ്ഞ ജൂണിലാണ് സച്ചിൻ വാസെയെ സർവീസിൽ തിരിച്ചെടുത്തത്. മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്ന് ക്രൈം ഇൻറലിജൻസ് യൂണിറ്റി (സി.െഎ.യു)ന്‍റെ ചുമതലയാണ് സച്ചിന് പരംബീർ സിങ്ങ് നൽകിയത്. അർണബ് ഗോസ്വാമി പ്രതിയായ അൻവെ നായിക് ആത്മഹത്യ, ടി.ആർ.പി തട്ടിപ്പ് കേസുകളുടെയും നടി കങ്കണ റണാവത്തിന് എതിരായ നടൻ ഋതിക് റോഷന്‍റെ വ്യാജ ഇ–മെയിൽ കേസിന്‍റെയും അന്വേഷണ ചുമതല സച്ചിനാണ് നൽകിയത്. ഫെബ്രുവരി 25 ന് മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയൊ കണ്ടെത്തിയ കേസും ആദ്യം സച്ചിനെ ഏൽപിച്ചിരുന്നു.
സമാന്തര അന്വേഷണവുമായി മഹാരാഷ്ട്ര എ.ടി.എസ് രംഗത്തെത്തിയതോടെയാണ് അംബാനി ഭീഷണി കേസിൽ സച്ചിന്‍റെ പങ്ക് വ്യക്തമാകുന്നത്. പിന്നീട് കേസ് മഹാരാഷ്ട്ര സർക്കാർ ഒൗദ്യോഗികമായി എ.ടി.എസിന് കൈമാറുകയും അവരത് ഏറ്റെടുക്കും മുമ്പ് കേന്ദ്ര സർക്കാർ കേസ് എൻ.െഎ.എക്ക് വിടുകയും ചെയ്തു. ഇതോടെ ഭയന്ന സച്ചിനും സംഘവും സ്കോർപിയൊ ഉടമ മൻസുഖ് ഹിരേനെ കൊലപ്പെടുത്തിയെന്നാണ് എ.ടി.എസിന്‍റെ കണ്ടെത്തൽ.
പരംബീർ സിങ്ങുമായി ബന്ധപ്പെട്ട പൊലിസ് ഉദ്യോഗസ്ഥരെ ചുറ്റിപ്പറ്റിയാണ് എൻ.െഎ.എയുടെ അന്വേഷണം. തിങ്കളാഴ്ച ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ എൻ.െഎ.എ ചോദ്യം ചെയ്തിരുന്നു. മാർച്ച് മൂന്നിന് സി.െഎ.യു ഒാഫീസിൽ വെച്ച് മൻസുഖ് ഹിരേനെ കുറ്റമേറ്റെടുക്കാൻ നിർബന്ധിക്കുമ്പോൾ അവിടെ ഉണ്ടായിരുന്ന ഡി.സി.പിയെയാണ് ചോദ്യം ചെയ്തത്. മാർച്ച് നാലിന് രാത്രിയാണ് മൻസുഖ് കൊല്ലപ്പെട്ടത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.