നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്; മൂന്ന് പേർ പിടിയിൽ
text_fieldsതെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ബോംബേറ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിലായിട്ടുണ്ട്. നെതന്യാഹുവിന്റെ സീസേറയിലെ വസതിക്ക് നേരെയാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, പിടിയിലായവരുടെ കുടുതൽ വിവരങ്ങൾ ഇസ്രായേൽ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
ആക്രമണത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. ആക്രമണം നടക്കുമ്പോൾ നെതന്യാഹു വീട്ടിലുണ്ടായിരുന്നില്ല. ഇസ്രായേൽ പൊലീസ് ആക്രമണത്തിൽ ഉടൻ തന്നെ അന്വേഷണം തുടങ്ങി. ഗുരുതരമായ സംഭവമാണ് ഉണ്ടായതെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തെ അപലപിച്ച് ഇസ്രായേലിലെ രാഷ്ട്രീയവൃത്തങ്ങൾ രംഗത്തെത്തി. പ്രതിപക്ഷ നേതാവ് യായിർ ലാപ്പിഡ് നാഷണൽ യൂണിറ്റി ചെയർമാൻ ബെന്നി ഗാന്റ്സ് എന്നിവർ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു.
ഇസ്രായേൽ പ്രസിഡന്റ് ഹെർസോഗും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തിൽ ഉടൻ അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീണ്ടും ഇത്തരമൊരു സംഭവം ആവർത്തിക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ വധിക്കാനും തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ അട്ടിമറിക്കാനുമായി ഈയടുത്ത് നടന്ന സംഭവങ്ങളുടെ തുടർച്ചയാണ് പുതിയ ആക്രമണമെന്നും നീതിന്യായ മന്ത്രി യാരിവ് ലെവിൻ പറഞ്ഞു.
നേരത്തെ ബിന്യമിൻ നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. ആക്രമണത്തിൽ നെതന്യാഹുവിന്റെ വീട്ടിലെ കിടപ്പുമുറിക്ക് തകരാർ സംഭവിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.