കെജ്രിവാളിന്റെ മകളെ കബളിപ്പിച്ച് പണം തട്ടിയ മൂന്നുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിെൻറ മകൾ ഹർഷിദ കെജ്രിവാളിനെ കബളിപ്പിച്ച് പണം തട്ടിയ മൂന്നു യുവാക്കളെ അറസ്റ്റ് ചെയ്തതായി പൊലീസ്. ഹരിയാനക്കാരനായ സാജിദ്, മഥുര സ്വദേശികളായ കപിൽ, മൻവീന്ദർ സിങ് എന്നിവരെയാണ് സാങ്കേതിക സന്നാഹങ്ങൾ ഉപയോഗിച്ച് പിടികൂടിയത്.
34,000 രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രധാന പ്രതിയായ വാരിസ് കടന്നുകളഞ്ഞു. ഹർഷിദ ഓൺലൈൻ പ്ലാറ്റ്ഫോമിൽ സോഫ വിൽപനക്ക് വെച്ചിരുന്നു. ഇത് വാങ്ങാനെന്ന വ്യാജേന ഇവരെ വാരിസ് സമീപിക്കുകയായിരുന്നുവെന്നും മറ്റു മൂന്നുേപർ കമീഷൻ അടിസ്ഥാനത്തിൽ ഇയാൾക്കുവേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
ഹർഷിദ നൽകിയ അക്കൗണ്ടിലേക്ക് ആദ്യഘട്ടമായി ചെറിയൊരു തുക ഇട്ട് അക്കൗണ്ടിെൻറ വിശദാംശങ്ങൾ ഇയാൾ പരിശോധിച്ചു. തുടർന്ന് ഇവർക്ക് വാരിസ് ഒരു ക്യു.ആർ കോഡ് അയച്ചുകൊടുത്തു. ഇത് സ്കാൻ ചെയ്താൽ കച്ചവടമുറപ്പിച്ച കാശ് മുഴുവനായി അക്കൗണ്ടിൽ ലഭിക്കുമെന്നറിയിച്ചു. ഹർഷിദ ഇയാൾ പറഞ്ഞതുപോലെ ചെയ്തപ്പോൾ ഇവരുടെ അക്കൗണ്ടിൽനിന്ന് 20,000 രൂപ പോയതായി പൊലീസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ക്യു.ആർ കോഡ് അയച്ചപ്പോൾ മാറിപ്പോയെന്നും പുതുതായി അയക്കുന്നത് സ്കാൻ ചെയ്തുനോക്കാനും പറഞ്ഞു.
ഇതനുസരിച്ച് ചെയ്തപ്പോൾ വീണ്ടും 14,000 രൂപ പോവുകയായിരുന്നു. തട്ടിപ്പ് പരിശോധിച്ചപ്പോൾ ആഗ്രയിലുള്ള കപിൽ എന്നയാളുടെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടുപിടിച്ചു. ഇത്തരത്തിൽ നിരവധി തട്ടിപ്പുകൾ സംഘം നടത്തിയതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.