ഏഴുകോടിയുടെ മയക്കുമരുന്നുമായി ടാറ്റു ആർട്ടിസ്റ്റായ മലയാളി യുവതിയടക്കം മൂന്നുപേർ പിടിയില്‍
text_fieldsബംഗളൂരു: ഏഴു കോടിയുടെ മയക്കുമരുന്നുമായി ടാറ്റു ആർട്ടിസ്റ്റായ മലയാളി യുവതി ഉൾപ്പെടെ മൂന്നുപേർ ബംഗളൂരുവിൽ പിടിയിലായി. ഇവരിൽനിന്ന് ഏഴു കോടിയിലധികം വിലവരുന്ന 12 കിലോയുടെ ഹഷീഷ് ഓയിൽ പിടിച്ചെടുത്തു. ബംഗളൂരുവിലെ കൊത്തന്നൂരിൽ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ്. വിഷ്ണുപ്രിയ (22), സുഹൃത്തായ കോയമ്പത്തൂർ സ്വദേശി സിജിൽ വർഗീസ് (23), മടിവാള സ്വദേശി എം. വിക്രം എന്ന വിക്കി (23) എന്നിവരെയാണ് ഹുളിമാവ് പൊലീസ് അറസ്റ്റുചെയ്തത്.
നഗരത്തിലെ കോളജിൽനിന്നാണ് സിജിൽ വർഗീസും വിഷ്ണുപ്രിയയും ബി.ബി.എ പഠനം പൂർത്തിയാക്കിയിരുന്നത്. സഹപാഠികളായ ഇരുവരും വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുറച്ചുകാലം സ്വകാര്യകമ്പനിയിൽ ജോലിചെയ്തശേഷം പിന്നീട് ഫ്രീലാൻസായി ടാറ്റു ആർട്ടിസ്റ്റുകളായും ജോലിചെയ്തിരുന്നു. കഴിഞ്ഞദിവസം ബി.ടി.എം ലേഔട്ടിലെ അരകെരെയിൽ വെച്ച് 80 ഗ്രാം ഹഷീഷ് ഓയിലുമായി വിക്രമിനെ പൊലീസ് പിടികൂടിയിരുന്നു. വിഷ്ണുപ്രിയയും സിജിൽ വർഗീസുമാണ് ഹഷീഷ് ഓയിൽ നൽകിയിരുന്നതെന്ന വിക്രമിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരും താമസിക്കുന്ന സ്ഥലത്ത് പൊലീസ് റെയ്ഡ് നടത്തി. തുടർന്നാണ് കോടികളുടെ ഹഷീഷ് ഓയിൽ കണ്ടെത്തിയത്.
വിശാഖപട്ടണത്തുനിന്നാണ് ഹഷീഷ് ഓയിൽ എത്തിച്ചിരുന്നത്. ഇവ കുറഞ്ഞ അളവിൽ വിക്രമിന് കൈമാറും. വിക്രമാണ് ആവശ്യക്കാർക്ക് നൽകുന്നത്. 2020 മുതൽ വിഷ്ണുപ്രിയയും സിജിൽ വർഗീസും മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. ഇരുവരുടെയും ബാങ്ക് വിവരങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞവർഷം മൊബൈൽ മോഷണക്കേസിൽ വിക്രം അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.