ഭൂമി തർക്കം: കോർപറേഷൻ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ
text_fieldsചെന്നൈ: ഭൂമി തർക്കത്തിന്റെ പേരിൽ മുൻ ചെന്നൈ കോർപറേഷൻ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. ബുധനാഴ്ച ഉത്താണ്ടിയിൽ വെച്ച് താംബരം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. രവി, വിജയ്, സെന്തിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. എഴുപത്താറുകാരനായ അയനാവരം സ്വദേശി കുമാർ ആണ് കൊല്ലപ്പെട്ടതെന്ന് താംബരം പൊലീസ് കമ്മീഷണറേറ്റിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അദ്ദേഹം കഴിഞ്ഞ ഒരു വർഷമായി സേലയ്യൂരിലെ മകളുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞയാഴ്ച കുമാർ വീട്ടിൽ നിന്ന് ജോലിക്കായി പോയെങ്കിലും തിരിച്ചെത്തിയില്ല, തുടർന്ന് മകൾ കാണാതായതായി പരാതി നൽകുകയായിരുന്നു. ഉത്താണ്ടിയിലുള്ള ഭൂമി കൈയടക്കുന്നതിനായി മൂന്നംഗ സംഘം കുമാറിനെ കൊലപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയതായി താംബരം പൊലീസ് പറഞ്ഞു.
മാസങ്ങൾക്ക് മുമ്പ് ഊരപാക്കം സ്വദേശി രവി എന്നയാൾ ഭൂമി കൈയേറിയതായി കുമാറിന് വിവരം ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച് കാനത്തൂർ പൊലീസ് സ്റ്റേഷനിൽ കുമാർ പരാതി നൽകി. തുടർന്ന് രവിയും കൂട്ടുപ്രതികളും ചേർന്ന് സ്ഥലം വാങ്ങാമെന്നു തെറ്റിദ്ധരിപ്പിച്ച് കുമാറിനെ കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു. പിന്നീട്, കുമാറിനെ കൊലപ്പെടുത്തി മൃതദേഹം ജിഞ്ചിയിലെ വനപ്രദേശത്തിന് സമീപം കുഴിച്ചിട്ടുവെന്ന് പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.