മൂന്നു മിനാരങ്ങൾ, 30 വർഷം
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് സംഘ്പരിവാർ ഇല്ലാതാക്കിയിട്ട് മുപ്പതു വർഷം. ആ പേര് ഗൂഗ്ൾ ഇമേജസിൽ തിരഞ്ഞാൽ ഇന്നും എട്ടോ പത്തോ നിരവരെ ആ മൂന്നു മിനാരങ്ങൾതന്നെ കാണാം. തുടർന്നങ്ങോട്ട് മൂന്നു നിലയുള്ള രാമക്ഷേത്രത്തിന്റെ രൂപരേഖയും പ്രത്യക്ഷപ്പെട്ടു തുടങ്ങി. തീവ്രഹിന്ദുത്വയെ ഇന്ത്യൻ അധികാര രാഷ്ട്രീയത്തിന്റെ ഒന്നാംപന്തിയിലെത്തിച്ച ഈ മുപ്പതു വർഷങ്ങൾക്കപ്പുറം 2024ലെ തെരഞ്ഞെടുപ്പിൽ ഈ പുതിയ ഇമേജുകൾ ഇനിയും മുകളിലേക്കുയരും.
പള്ളി പൊളിച്ചുനീക്കിയ ഭൂമിയിൽ നവചരിത്രംകൂടിയാണ് ഉയർത്തുന്നത്. പൊളിച്ച കേസും മാഞ്ഞു. ഭൂമി സമ്പൂർണമായി ക്ഷേത്രനിർമാണത്തിന് വിട്ടുകൊടുത്തുവെന്നു മാത്രമല്ല, ഒന്നൊഴിയാതെ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കുകയും ചെയ്തു നീതിപീഠം. ബാബരിയുമായി ബന്ധപ്പെട്ട എല്ലാ അവകാശവാദങ്ങളെയും മൈലുകൾക്കപ്പുറം അഞ്ചേക്കറിലേക്ക് ചുരുട്ടിവെക്കുകയും ചെയ്തു.
അനീതിയാൽ പള്ളി തകർക്കാനാകുമെങ്കിലും ബോധ്യങ്ങളെ തച്ചുടക്കാനാവില്ലെന്ന് സമാശ്വസിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷവും ജനാധിപത്യസമൂഹവും. ചരിത്രത്തിൽനിന്ന് നാമൊന്നും പഠിച്ചിട്ടില്ല എന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചതെന്ന് ഈ ഡിസംബർ ആറിനും അവർ ഓർക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.