കശ്മീരിൽ മണിക്കൂറിനിടെ മൂന്ന് പേരെ തീവ്രവാദികൾ വെടിവെച്ചുകൊന്നു
text_fieldsശ്രീനഗർ: കശ്മീരിൽ ഒരുമണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി മൂന്നുപേർ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പൊലീസ്.
പ്രമുഖ ബിസിനസുകാരനും ബിന്ദ്രു മെഡിക്കേറ്റ് ഫാർമസി ഉടമയുമായ മഖൻ ലാലാണ് മരിച്ചവരിൽ ഒരാൾ. തെരുവു കച്ചവടക്കാരനും കാബ് ഡ്രൈവറുമാണ് മരിച്ച മറ്റ് രണ്ടുപേരെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിക്ക് ശ്രീനഗറിലെ ഇഖ്ബാൽ പാർക്കിലുള്ള ഫാർമസിക്കകത്ത് വെച്ചാണ് 70കാരനായ മഖൻ ലാലിനെ ഭീകരർ വെടിവെച്ച് കൊന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും ഭീകരർ രക്ഷപെട്ടിരുന്നു. ഫാർമസി സീൽ ചെയ്ത പൊലീസ് അക്രമികളെ പിടികൂടാൻ തെരച്ചിൽ ശക്തമാക്കി.
ശ്രീനഗറിന്‍റെ പ്രാന്തപ്രദേശത്തുള്ള ലാൽ ബസാറിലെ തെരുവുകച്ചവടകാരനായ വീരേന്ദർ പാസ്വാനാണ് വെടിയേറ്റ് മരിച്ച രണ്ടാമത്തെയാൾ. ബിഹാറിലെ ഭഗൽപൂർ സ്വദേശിയായ പാസ്വാൻ കശ്മീരിലെ സാദിബാലിലായിരുന്നു താമസിച്ചുവന്നിരുന്നത്. നാലുദിവസത്തിനിടെ നാല് സിവിലിയൻമാരാണ് കശ്മീരിൽ കൊല്ലപ്പെടുന്നത്.
ബന്ദിപ്പോരയിൽ വെച്ചാണ് തീവ്രവാദികൾ മറ്റൊരു സിവിലിയനെ വധിച്ചത്. പ്രദേശത്ത് ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന മുഹമ്മദ് ശാഫിക്ക് നേരെയാണ് ഭീകരർ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ച സുരക്ഷ സേനയുമായി ബന്ധമുണ്ടെന്നാരോപിച്ച് മാജിദ് അഹമദ് ഗോജ്രി, മുഹമ്മദ് ശാഫി ദർ എന്നിവരെ ഭീകരർ വധിച്ചിരുന്നു. ദ റെസിസ്റ്റൻസ് ഫ്രണ്ട് കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.