തമിഴ്നാട്ടിൽ ഷവർമ കഴിച്ച് ദേഹസ്വാസ്ഥ്യം; മൂന്ന് കോളജ് വിദ്യാർഥികൾ ആശുപത്രിയിൽ
text_fieldsചെന്നൈ: തഞ്ചാവൂരിൽ ഷവർമ കഴിച്ചതിനെ തുടർന്ന് ദേഹസ്വാസ്ഥ്യം ബാധിച്ച മൂന്ന് കോളജ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തഞ്ചാവൂർ ഓരത്തുനാട് ഗവ. വെറ്റിനറി മെഡിക്കൽ കോളജിലെ വിദ്യാർഥികളായ കന്യാകുമാരി സ്വദേശി പ്രവീൺ (22), പുതുക്കോട്ട പരിമളേശ്വരൻ (21), ധർമപുരി മണികണ്ഠൻ (22) എന്നിവരാണ് തഞ്ചാവൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ഇവർ വ്യാഴാഴ്ച രാത്രി ഓരത്തുനാട് ജംഗ്ഷനിലെ പെട്രോൾ ബങ്കിന് സമീപത്തെ ഫാസ്റ്റ് ഫുഡ് ഹോട്ടലിൽനിന്ന് ചിക്കൻ ഷവർമ കഴിച്ചു. ഹോസ്റ്റലിൽ മടങ്ങിയെത്തിയ മൂവർക്കും ഛർദ്ദിയും മയക്കവും അനുഭവപ്പെട്ടു.
ബോധരഹിതരായ മൂവരെയും മറ്റു ഹോസ്റ്റൽ അന്തേവാസികളാണ് ഓരത്തുനാട് ഗവ. ആശുപത്രിയിലെത്തിച്ചത്. പിന്നീട് തഞ്ചാവൂർ മെഡിക്കൽ കോളാജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
സംഭവത്തെ തുടർന്ന് ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു. പ്രസ്തുത കേന്ദ്രം താൽക്കാലികമായി അടച്ചിടാനും അധികൃതർ ഉത്തരവിട്ടു.
ഷവർമ കഴിച്ച് കേരളത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തെ തുടർന്ന് തമിഴ്നാട്ടിലും ഹോട്ടലുകളിലും മറ്റും പരിശോധനാ നടപടി ഊർജിതപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.