ഛത്തീസ്ഗഡിൽ നക്സൽ വെടിവെപ്പിനിടെ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു
text_fieldsറായ്പൂർ: ഛത്തീസ്ഗഡിൽ വീണ്ടും നക്സലുകളും സുരക്ഷാസേനയും ഏറ്റുമുട്ടിയതായി റിപ്പോർട്ട്. സംസ്ഥാനത്ത് സുരക്ഷാ സേനയുടെ ഊർജിതമായ പ്രവർത്തനങ്ങളിൽ കോപാകുലരായ നക്സലുകൾ തിങ്കളാഴ്ച പുലർച്ചെ സി.ആർ.പി.എഫ് ബറ്റാലിയന്റെ എൽമഗുണ്ട ക്യാമ്പ് ആക്രമിച്ചതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ മൂന്ന് ജവാന്‍മാർക്ക് പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ജവാന്മാരുടെ നില തൃപ്തികരമാണെന്നും തുടർ ചികിത്സയ്ക്കായി ഇവരെ വിദഗ്ധ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും ബസ്തർ റേഞ്ച് ഐ.ജിയായ സുന്ദർരാജ് പറഞ്ഞു. ഏകദേശം അരമണിക്കൂറോളം ഏറ്റുമുട്ടൽ നടന്നതായും കനത്ത തിരിച്ചടി നേരിട്ട നക്സലുകൾ കാട്ടിലേക്ക് ഓടി രക്ഷപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റുമുട്ടലിൽ നക്‌സലുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി സുരക്ഷാസേനാ വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ വെടിവയ്പ്പ് അവസാനിച്ചതിന് ശേഷം സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹങ്ങളൊന്നും കണ്ടെത്താനായില്ല. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഉടനെ മാധ്യമങ്ങളെ അറിയിക്കാമെന്ന് സുന്ദർരാജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.