പുൽവാമയിൽ സന്തോഷം പ്രകടിപ്പിച്ച് അർണബ്, ബാലാക്കോട്ട് നേരത്തേ അറിഞ്ഞു; പുറത്തായ ചാറ്റുകൾ പറയുന്നത്
text_fieldsടി.വി അവതാരകൻ അർണബ് ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ് കമ്പനിയായ ബാർക് സി.ഇ.ഒയും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകളിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പുൽവാമയിൽ നടന്ന രാജ്യത്തിനെതിരായ ഭീകരാക്രമണത്തിൽ വലിയ സന്തോഷമാണ് അർണബ് പ്രകടിപ്പിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തെകുറിച്ച് 'വലിയ വിജയം' എന്നാണ് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട് അർണബ് പറയുന്നത്. 'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ് ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്.
ചാവേർ ബോംബർ ഓടിച്ച കാർ സൈന്യം സഞ്ചരിച്ച ബസ്സിലേക്ക് ഇടിച്ചുകയറ്റിയുണ്ടായ സ്ഫോടനത്തിൽ 40 പട്ടാളക്കാരാണ് വീരമൃത്യുവരിച്ചത്. പുൽവാമക്ക് തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട് ആക്രമണം മൂന്ന് ദിവസംമുമ്പുതന്നെ അർണബ് അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്. 'സാധാരണ ഉള്ളതിനേക്കാൾ വലുത് സംഭവിക്കും' എന്നാണ് അർണബ് പാർത്തോദാസിനോട് പറയുന്നത്.
2019 ഫെബ്രുവരി 23ന് നടന്ന വാട്സാപ്പ് ചാറ്റിലാണിത് പറയുന്നത്. മൂന്ന് ദിവസത്തിന് ശേഷം, 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന പാകിസ്താൻ പട്ടണമായ ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിനുനേരേ ആരകമണം നടത്തി. 2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണമായിരുന്നു ഈ ആക്രമണം.
രാജ്യത്ത് ഉടൻ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന അർണബിന്‍റെ പരാമർശത്തോട് 'ദാവൂദ്' എന്നാണ് പാർത്തോ ദാസ് സംശയരൂപത്തിൽ ചോദിക്കുന്നത്.
അർനബ് ഗോസ്വാമി: 'ഇല്ല സർ പാകിസ്ഥാൻ. പ്രധാനമായ എന്തെങ്കിലും ഇത്തവണ നടക്കും'
പാർത്തോ ദാസ് ഗുപ്ത: 'കൊള്ളാം'
പാർത്തോ ദാസ് ഗുപ്ത: 'ഈ സീസണിൽ 'വലിയ മനുഷ്യന്' ഇത് നല്ലതാണ്'
പാർത്തോ ദാസ് ഗുപ്ത: 'അപ്പോൾ അദ്ദേഹം തെരഞ്ഞെടുപ്പ് തൂത്തുവാരും'
പാർത്തോ ദാസ് ഗുപ്ത: 'സാധാരണ ആക്രമണമായിരിക്കുമോ'?
അർനബ് ഗോസ്വാമി: സാധാരണ ആക്രമണത്തിനേക്കാൾ വളരെ വലുത്.
വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ നിരവധി അന്തർനാടകങ്ങൾക്കാണ് ചുരുളഴിയുന്നത്. ബി.ജെ.പിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും അർണബിന്‍റെ വ്യക്തിബന്ധങ്ങളും ചാറ്റുകളിൽ വ്യക്തമാണ്. തന്‍റെ ചാനലിന്‍റെ റേറ്റിങ് വർധിപ്പിക്കാനായാൽ പ്രധാമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള സഹായം ലഭ്യമാക്കാമെന്നാണ് അർണബ് ബാർക് മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പാർത്തോ ദാസ് ഗുപ്തയോട് പറയുന്നത്. അങ്ങിനെയെങ്കിൽ പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ സ്ഥാനം തനിക്ക് വാങ്ങിനൽകണമെന്ന് പാർത്തോ ദാസ് ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.