കോവിഡിനുള്ള മരുന്നെന്ന വ്യാജേന വിഷം നൽകി, ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
text_fieldsഈറോഡ്: കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നെന്ന വ്യാജേന നൽകിയ വിഷം കഴിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഗൃഹനാഥൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയാണ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട്ടിലെ ഈറോഡിനടുത്തുള്ള കീഴ്വാണി ഗ്രാമത്തിലാണ് സംഭവമുണ്ടായത്. കേസിലെ മുഖ്യപ്രതി ആർ. കല്യാണസുന്ദരം, കറുപ്പകൗണ്ടറുടെ പക്കൽ നിന്ന് 15 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. കുറച്ച് മാസങ്ങൾക്കുശേഷം കറുപ്പകൗണ്ടർ പണം തിരികെ ചോദിച്ചു.
പണം തിരികെ കൊടുക്കാനില്ലാത്തതും കറുപ്പകൗണ്ടറുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദ്ദവുമാണ് കൊലപാതകം ചെയ്യാൻ തന്നെ പ്രേരിപ്പച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകി. നാലംഗ കുടുംബത്തിന് കോവിഡ് മരുന്നെന്ന വ്യാജേന വിഷം നൽകാൻ ശബരി(25)യെ കല്യാണസുന്ദരം ഏർപ്പാടാക്കി. ആരോഗ്യപ്രവർത്തകൻ എന്ന വ്യാജേനയാണ് ശബരി കറുപ്പകൗണ്ടറുടെ വീട്ടിലെത്തിയത്.
പൾസ് ഓക്സിമീറ്റർ, തെർമോമീറ്റർ എന്നിവയുമായി കറുപ്പകൗണ്ടറുടെ വീട്ടിലെത്തിയ ശബരി കോവിഡിനെതിരെയുള്ള പ്രതിരോധം വർധിപ്പിക്കുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗുളികകൾ നൽകുകയായിരുന്നു.
കറുപ്പകൗണ്ടർ, ഭാര്യ മല്ലിക, മകൾ ദീപ, വീട്ടുജോലിക്കാരി കുപ്പാൾ എന്നിവർ ഗുളിക കഴിച്ച് കുഴഞ്ഞുവീണു. അയൽക്കാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മല്ലിക വഴിമധ്യേയും മറ്റുരണ്ടുപേർ ആശുപത്രിയിൽ വെച്ചും മരണമടഞ്ഞു. കറുപ്പകൗണ്ടറുടെ നില ഗുരുതരമായി തുടരുകയാണ്. ഞായറാഴ്ച രാത്രി ശബരിയെയും കല്യാണസുന്ദരത്തേയും പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.