കറുപ്പ്, വെള്ള, മഞ്ഞ: ഗാസിയാബാദിൽ കോവിഡ് മുക്തി നേടിയ 45കാരന് മൂന്നു തരം ഫംഗസ് ബാധ
text_fieldsന്യൂഡൽഹി: ഗാസിയാബാദിൽ കോവിഡ് മുക്തി നേടിയ 45കാരനിൽ കറുപ്പ്, വെള്ള, മഞ്ഞ ഫംഗസ് ബാധ സ്ഥിരീകരിച്ചതായി അധികൃതർ. കോവിഡാനന്തര ചികിത്സയിൽ കഴിയുന്ന വ്യക്തിയിലാണ് മൂന്ന് ഫംഗസുകളുടെയും സാന്നിധ്യം കണ്ടെത്തിയത്.
രോഗിയുടെ സി.ടി സ്കാൻ പരിശോധനയിൽ അസാധാരണമായി ഒന്നും കണ്ടിരുന്നില്ല. എൻഡോസ്കോപ്പി പരിശോധന നടത്തിയ ശേഷമാണ് മൂന്നുതരം ഫംഗസുകൾ ബാധിച്ചതായി വ്യക്തമായത് - ഇദ്ദേഹം ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെ ഇ.എൻ.ടി സ്പെഷലിസ്റ്റ് ഡോക്ടർ ബി.പി. ത്യാഗി പറഞ്ഞു. ആംഫോടെറിസിൻ - ബി ഉപയോഗിച്ചുള്ള ചികിത്സയാണ് നടത്തുന്നത്. ആവശ്യമായ മരുന്നുകൾ എത്തിക്കാം എന്ന് അധികൃതർ ഉറപ്പുനൽകിയതായി ഡോക്ടർ പറഞ്ഞു.
ഗാസിയാബാദിലെ സഞ്ജയ് നഗർ സ്വദേശിയായ രോഗിക്ക് കോവിഡ് മുക്തി നേടിയതിന് പിന്നാലെ കൺതടങ്ങൾ വീർത്തുവരികയും മൂക്കിലൂടെ രക്തംവരികയും ചെയ്തിരുന്നു.
മൂന്ന് തരത്തിലുള്ള ഫംഗസ് ബാധ കണ്ടെത്തിയ ഈ കേസിനെക്കുറിച്ച് അധികൃതരെ വിവരമറിയിച്ചതായും, ഒരു ഫംഗസ് ബാധ തന്നെ കറുപ്പ്, മഞ്ഞ, വെള്ള ഘട്ടങ്ങൾ കാണിക്കാൻ സാധ്യതയുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫിസർ ഡോ.എൻ.കെ. ഗുപ്ത പറഞ്ഞു. വിശദമായ പഠനങ്ങൾക്ക് ശേഷമേ കൂടുതൽ നിഗമനങ്ങളിലെത്താൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.