'തവാങിൽ ചൈനീസ് സൈനികരെ തുരത്തിയത് കാലാൾപടയിലെ കരുത്തന്മാർ' -റെജിമെന്‍റുകളെ കുറിച്ച് കൂടുതലറിയാം
text_fieldsതവാങ്: അരുണാചൽ പ്രദേശിലെ തവാങ് യാങ്ത്സെ അതിർത്തി പ്രദേശത്തേക്കുള്ള ചൈനീസ് സൈനികരുടെ ഏകപക്ഷീയ കടന്നുകയറ്റം ചെറുത്തത് ഇന്ത്യൻ കരസേനയിലെ കരുത്തുറ്റ മൂന്ന് റെജിമെന്‍റുകൾ. ജമ്മു കശ്മീർ റൈഫിൾസ്, ജാട്ട് റെജിമെന്‍റ്, സിഖ് ലൈറ്റ് ഇൻഫൻട്രി എന്നീ കാലാൾപ്പട റെജിമെന്‍റുകളാണ് ചൈനീസ് സൈനികരെ പ്രതിരോധിച്ച് തുരത്തിയത്.
2020 ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലെ സംഘർഷ സമയത്ത് നടത്തിയതിന് സമാനമായ നീക്കമാണ് തവാങ്ങിലും ചൈനീസ് ലിബറേഷൻ ആർമി നടത്തിയത്. ഇന്ത്യൻ സൈനികരെ ആക്രമിക്കാൻ വടികളും മറ്റ് ഉപകരണങ്ങളുമാണ് ചൈനീസ് സേന എത്തിയത്.
മുന്നൂറോളം വരുന്ന ചൈനീസ് സൈനികർ ഇന്ത്യൻ സൈന്യത്തിന് നേരെ കല്ലെറിഞ്ഞതായും കടന്നുകയറ്റത്തോടൊപ്പം ഇന്ത്യൻ സൈനികരുടെ വിവരങ്ങൾ ശേഖരിക്കാൻ ഡ്രോണിന്‍റെ സഹായവും ഉപയോഗിച്ചതായും പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ചൈനയുടെ നീക്കം മുൻകൂട്ടി മനസിലാക്കിയ ഇന്ത്യൻ സൈനികരും വേണ്ട മുൻകരുതൽ എടുത്തിരുന്നു.
ഇന്ത്യൻ സൈനികരുടെ പുതിയ യൂണിറ്റ് ഡ്യൂട്ടിമാറ്റം നടത്തുന്നതിനിടെയാണ് ചൈന കടന്നുകയറ്റത്തിന് ശ്രമിച്ചത്. തവാങ്ങിൽ രണ്ട് യൂണിറ്റുകളും ഉണ്ടായിരുന്ന ദിവസമാണ് ഏറ്റുമുട്ടലിനായി ചൈനീസ് സൈന്യം തെരഞ്ഞെടുത്തത്. യഥാർഥ നിയന്ത്രണരേഖയിൽ അക്രമോത്സുക സമീപനമാണ് കാലങ്ങളായി ചൈനീസ് സൈന്യം സ്വീകരിച്ചു വരുന്നത്.
മുൻ വർഷങ്ങളിലും അരുണാചൽ പ്രദേശിലെ ഭൂപ്രദേശങ്ങളിൽ കടന്നുകയറാനും പെട്രോളിങ് നടത്താനും ചൈനീസ് സൈന്യം ശ്രമം നടത്തിയിരുന്നു. എന്നാൽ, ഇന്ത്യൻ സൈനികർ പ്രതിരോധിച്ച് ചൈനയെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്.
ജാട്ട് റെജിമെന്‍റ്
1795ൽ രൂപീകരിച്ച ഇന്ത്യയിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള സൈനിക വിഭാഗമാണ് ജാട്ട് റെജിമെന്‍റ്. കഴിഞ്ഞ 200 വർഷത്തെ ചരിത്രമുള്ള ജാട്ട് റെജിമെന്‍റ് ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം അടക്കം വിദേശത്തും ഇന്ത്യയിലുമായി വിവിധ സൈനിക നീക്കങ്ങളിലും ഓപറേഷനുകളിലും ഭാഗമായിട്ടുണ്ട്. 1839നും 1947നും ഇടയിൽ 19 യുദ്ധ ബഹുമതികൾ ഈ റെജിമെന്‍റ് നേടിയിട്ടുണ്ട്.
സിഖ് ലൈറ്റ് ഇൻഫൻട്രി
ഇന്ത്യൻ കരസേനയിലെ ലൈറ്റ് ഇൻഫൻട്രി റെജിമെന്റുകളിൽ ഒന്നാണ് സിഖ് ലൈറ്റ് ഇൻഫൻട്രി. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ 23, 32, 34 റോയൽ സിഖ് വിഭാഗത്തിലെ പിൻഗാമിയായാണ് സിഖ് ലൈറ്റ് ഇൻഫൻട്രി അറിയപ്പെടുന്നത്.
ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ സിഖ് വിഭാഗക്കാരിൽ നിന്നാണ് ഈ റെജിമെന്റിലേക്ക് സൈനികരെ തെരഞ്ഞെടുക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മലനിരകളിൽ ഭീകരവിരുദ്ധ നീക്കങ്ങൾക്കാണ് ഈ റെജിമെന്‍റിനെ ഉപയോഗിക്കുന്നത്.
ജമ്മു കശ്മീർ റൈഫിൾസ്
ഇന്ത്യൻ കരസേനയിലെ ഇൻഫൻട്രി റെജിമെന്‍റാണ് ജമ്മു കശ്മീർ റൈഫിൾസ്. ജമ്മു കാശ്മീർ നാട്ടുരാജ്യമായിരുന്ന കാലത്ത് ജമ്മു കശ്മീർ സ്റ്റേറ്റ് ഫോഴ്സ് ആയിരുന്നു ഇത്. 1947 ഒക്ടോബറിൽ ജമ്മു കശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായതോടെ ജമ്മു കശ്മീർ സ്റ്റേറ്റ് ഫോഴ്സ് ഇന്ത്യൻ കരസേനയുടെ ഭാഗമായി.
1956ൽ ജമ്മു കശ്മീർ ഭരണഘടനാ അസംബ്ലി ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള തീരുമാനത്തിന് അന്തിമ അംഗീകാരം നൽകുന്നത് വരെ ജമ്മു കശ്മീർ സ്റ്റേറ്റ് ഫോഴ്സായി തുടർന്നു. തുടർന്ന് 1963ൽ ജമ്മു കശ്മീർ റൈഫിൾസ് എന്ന് പുനർനാമകരണം ചെയ്തു. ലഡാക്ക് സ്കൗട്ട്സ് റെജിമെന്‍റിന്‍റെ കീഴിലായിരുന്ന ജമ്മു കശ്മീർ റൈഫിൾസിന് 2002ൽ പ്രത്യേക റെജിമെന്‍റ് പദവി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.