രാജ്യത്ത് രണ്ടു മിനിറ്റിൽ മരിക്കുന്നത് മൂന്ന് കുഞ്ഞുങ്ങൾ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ രണ്ടു മിനിറ്റിൽ മൂന്നു കുഞ്ഞുങ്ങൾ വീതം മരിക്കുന്നതായി െഎക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. കുടിവെള്ളം, ശുചിത്വം, പോഷകാഹാരം, ആരോഗ്യസേവനം എന്നിവയുടെ അഭാവമാണ് ഇതിനു കാരണമെന്നും യു.എന്നിെൻറ ശിശുമരണ നിരക്ക് പഠിക്കുന്ന ഏജൻസിയായ യു.എൻ.െഎ.ജി.എം.ഇയുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 2017ൽ രാജ്യത്ത് 8.02 ലക്ഷം കുഞ്ഞുങ്ങൾ മരിച്ചു.
അഞ്ചു വർഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. 2016ൽ 8.67 ലക്ഷം കുഞ്ഞുങ്ങളാണ് മരിച്ചത്. എന്നാൽ, ലോകത്ത് ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ മരിക്കുന്നത് ഇന്ത്യയിലാണ്. സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചതിനാൽ കുഞ്ഞുങ്ങളുടെ മരണനിരക്ക് കുറക്കാനായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യവിഭാഗം തലവൻ ഡോ. ഗഗൻ ഗുപ്ത പറഞ്ഞു. ഇന്ത്യയിൽ ഒരു വർഷത്തെ ജനന നിരക്ക് രണ്ടര കോടിയാണെന്നതും കണക്കിലെടുക്കേണ്ടതുണ്ടെന്നും മരണനിരക്ക് കുറക്കുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് ജനിക്കുന്ന കുഞ്ഞുങ്ങളിൽ 18 ശതമാനം ഇന്ത്യയിലാണ്.
2016ൽ രാജ്യത്ത് 6.05 ലക്ഷം നവജാത ശിശുക്കളാണ് മരിച്ചത്. അഞ്ചിനും 14നും ഇടയിൽ പ്രായമുള്ള 1.52 ലക്ഷം കുഞ്ഞുങ്ങളും മരണപ്പെട്ടു. രാജ്യത്ത് ശിശുമരണ നിരക്ക് കുറയുകയാണെന്ന് യുനിസെഫിെൻറ ഇന്ത്യയിലെ പ്രതിനിധി യാസ്മിൻ അലി ഹഖ് പറഞ്ഞു. ആശുപത്രികളിലുള്ള പ്രസവം വർധിച്ചതും നവജാത ശിശുക്കൾക്കായി കൂടതൽ പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിച്ചതും പ്രതിരോധ കുത്തിവെപ്പ് ഉൗർജിതമാക്കിയതുമാണ് ഇന്ത്യയിൽ ശിശുമരണ നിരക്ക് കുറയാൻ ഇടയാക്കിയതെന്ന് അവർ കൂട്ടിച്ചേർത്തു. 2016ൽ 1000 കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ 44 പേർ മരിച്ചെന്നാണ് കണക്ക്. റിപ്പോർട്ട് പ്രകാരം ലോകത്ത് 2017ൽ 15 വയസ്സിന് താഴെയുള്ള 63 ലക്ഷം കുട്ടികൾ മരിച്ചിട്ടുണ്ട്. അഞ്ചു സെക്കൻഡിൽ ഒരുമരണം. ഇതിൽ ഭൂരിഭാഗവും ഒഴിവാക്കാവുന്നതാണ്. 54 ലക്ഷം കുട്ടികളുടെ മരണം ആദ്യ അഞ്ചു വയസ്സിനിടയിലാണ്.
നൈജീരിയ 4.66 ലക്ഷം, പാകിസ്താൻ 3.30 ലക്ഷം, കോംഗോ 2.33 ലക്ഷം എന്നിങ്ങനെയാണ് 2017ലെ മറ്റ് രാജ്യങ്ങളിലെ കുഞ്ഞുങ്ങളുടെ മരണനിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.