ഇന്ത്യയിലെ മികച്ച പത്ത് നഗരങ്ങളിൽ മൂന്നെണ്ണം കേരളത്തിൽ! പകുതിയിലേറെയും ദക്ഷിണേന്ത്യയിൽ...
text_fieldsകോഴിക്കോട്: ഇന്ത്യയിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽനിന്നുള്ള മൂന്നു നഗരങ്ങൾ. സ്വതന്ത്ര സാമ്പത്തിക ഉപദേശ സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് തയാറാക്കിയ പട്ടികയിലാണ് കേരളത്തിലെ മൂന്നു നഗരങ്ങൾ ഇടംപിടിച്ചത്. സാമ്പത്തികം, ജനവാസം, ജീവിത നിലവാരം, പരിസ്ഥിതി, ഭരണ നിർവഹണം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് നഗരങ്ങളുടെ റാങ്കിങ് നിശ്ചയിക്കുന്നത്.
ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് പ്രകാരം രാജ്യതലസ്ഥാനമായ ഡൽഹിയാണ് പട്ടികയിൽ ഒന്നാമത്. ആഗോള റാങ്കിങ്ങിൽ 350-ാം സ്ഥാനത്താണ് ഡൽഹി. മെട്രോ നഗരങ്ങളായ ബെംഗളൂരു, മുംബൈ, ചെന്നൈ എന്നിവയാണ് രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിൽ. ബെംഗളൂരുവിന്റെ ആഗോള റാങ്കിങ് 411ഉം മുംബൈയുടേത് 427ഉം ആണ്. ആഗോളതലത്തിൽ ചെന്നൈ 472-ാം സ്ഥാനത്താണുള്ളത്.
ആദ്യ പത്തിൽ ഇടംപിടിച്ച കേരളത്തിലെ നഗരങ്ങൾ കൊച്ചിയും തൃശൂരും കോഴിക്കോടുമാണ്. പട്ടികയിൽ കൊച്ചി അഞ്ചാം സ്ഥാനത്താണുള്ളത്. കൊച്ചിയുടെ ആഗോള റാങ്കിങ് 521 ആണ്. എട്ടാം സ്ഥാനത്തുള്ള തൃശൂർ ആഗോള റാങ്കിങ്ങിൽ 550-ാം സ്ഥാനത്താണ്. പത്താം സ്ഥാനമാണ് പട്ടികയിൽ കോഴിക്കോടിനുള്ളത്. ആഗോള തലത്തിൽ 580 ആണ് കോഴിക്കോടിന്റെ റാങ്ക്.
കൊൽക്കത്ത ആറാം സ്ഥാനത്തെത്തിയപ്പോൾ പുണെ ഏഴാമതും ഹൈദരാബാദ് ഒമ്പതാമതുമാണ്. കേരളത്തിലെ മൂന്നെണ്ണം ഉൾപ്പെടെ പട്ടികയിലെ ആദ്യപത്തിൽ ആറെണ്ണവും ദക്ഷിണേന്ത്യൻ നഗരങ്ങളാണ്. ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവയാണ് കേരളത്തിലെ നഗരങ്ങൾക്കുപുറമെ ലിസ്റ്റിലുള്ള മറ്റു ദക്ഷിണേന്ത്യൻ നഗരങ്ങൾ.
ആഗോളതലത്തിൽ ന്യൂയോർക്ക് ആണ് ഒന്നാം സ്ഥാനത്തുള്ള നഗരം. ലണ്ടൻ, സാൻ ജോസ്, ടോക്കിയോ, പാരിസ്, സീറ്റിൽ, ലോസ് ആഞ്ചലസ്, സാൻ ഫ്രാൻസിസ്കോ, മെൽബൺ, സൂറിച്ച് എന്നിവയാണ് ആഗോളതലത്തിൽ യഥാക്രമം രണ്ടു മുതൽ പത്തുവരെ സ്ഥാനത്തുള്ള നഗരങ്ങൾ.
ഇന്ത്യയിലെ പത്ത് മികച്ച നഗരങ്ങൾ (ബ്രാക്കറ്റിൽ ആഗോള റാങ്കിങ്)
1. ഡൽഹി (350)
2. ബെംഗളൂരു (411)
3. മുംബൈ (427)
4. ചെന്നൈ (472)
5. കൊച്ചി (521)
6. കൊൽക്കത്ത (528)
7. പുണെ (534)
8. തൃശൂർ (550)
9. ഹൈദരാബാദ് (564)
10. കോഴിക്കോട് (580)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.